ക്ഷേമ പെൻഷൻ, സപ്ളൈകോ കുടിശിക തീർക്കും:ധന മന്ത്രി
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷന്റെ അഞ്ച് മാസത്തെ കുടിശികയും കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷനും സപ്ളൈകോയ്ക്കുള്ള വിഹിതവും ഉടൻ നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു..
ബഡ്ജറ്റുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലക്കും ലഗാനുമില്ലാതെ കടം വാങ്ങി മുടിഞ്ഞ സ്ഥിതിയിലല്ല സംസ്ഥാനം.ധനസ്ഥിതി മോശവുമല്ല.2017-18ൽ നികുതി,നികുതിയേതര വരുമാനമെല്ലാം കൂടി 15895 കോടിയായിരുന്നെങ്കിൽ ഇപ്പോഴത് 91615കോടിയായി ഉയർന്നു.സാമൂഹ്യസുരക്ഷാ കമ്പനിയും കിഫ്ബിയും വായ്പയെടുക്കുമ്പോൾ അത് പൊതുകടത്തിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര വ്യവസ്ഥ പിന്നീട് മുൻകാല പ്രാബല്യത്തോടെ കൊണ്ടു
വന്നതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്.
കേന്ദ്രം നൽകേണ്ടത്
3951.34 കോടി
സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 2.6% ൽ നിന്ന് ജി.എസ്.ഡി.പിയുടെ 1.48% ആയും ധനകമ്മി 4.56%ൽ നിന്ന് 2.44% ആയും കുറഞ്ഞു.ഇത് മികച്ച ധനസ്ഥിതിയുടെ സൂചകമാണ്. കേന്ദ്രത്തിൽ നിന്ന് ഹെൽത്ത് മിഷൻ ഗ്രാൻഡായി 725.45കോടിയും അർബൻ ലോക്കൽബോഡി ഗ്രാൻഡായി 513.64കോടിയും ഡിസാസ്റ്റർ ഗ്രാൻഡായി 34.70കോടിയും പദ്ധതി വിഹിതമായി സമഗ്രശിക്ഷാഅഭിയാനിൽ 188കോടിയും മത്സ്യസമ്പദ് യോജനയിൽ 164കോടിയും ഹെൽത്ത്മിഷനിൽ 636.88കോടിയും തൊഴിലുറപ്പ് വിഹിതമായി 220.49കോടിയും പോഷൻ അഭിയാനായി 141കോടിയും സാമൂഹ്യപെൻഷൻ വിഹിതമായി 225.34കോടിയും ഭക്ഷ്യസഹായമായി 74.34കോടിയും ഉച്ചഭക്ഷണ പദ്ധതിയിൽ 11.6കോടിയും യു.ജി.സി.ശമ്പള പരിഷ്ക്കരണവിഹിതമായി 750കോടിയും ഉൾപ്പെടെ മൊത്തം 3951.34 കോടി കിട്ടാനുണ്ട്.
വിഴിഞ്ഞം:10000
ഏക്കർ ഏറ്റെടുക്കും
വിഴിഞ്ഞം പദ്ധതിയിലാണ് സംസ്ഥാനത്തിന്റെ ഭാവി പ്രതീക്ഷ.അനുബന്ധ സംവിധാനങ്ങൾക്കായി 10000 ഏക്കർ ഏറ്റെടുക്കും.കാപ്പക്സിൽപ്പെടുത്തി 5000 കോടിയുടെ കേന്ദ്രസഹായം ചോദിച്ചിട്ടുണ്ട്. 1.7കിലോമീറ്റർ റോഡ്, 10.7കിലോമീറ്റർ റെയിൽ തുരങ്കപാത, റിംഗ് റോഡ്, തുടങ്ങിയവയുടെ നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാക്കും.
രാഷ്ട്രീയ അതിപ്രസരം
ഒഴിവാക്കണം
കാര്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയം പറയുന്നത് ഒഴിവാക്കണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. മെഡിക്കൽ കോളേജാശുപത്രിയിൽ താൻ ചികിത്സ തേടിയപ്പോൾ ഒരു ലക്ഷംരൂപയുടെ കണക്ക് എഴുതിയെടുത്തെന്ന പ്രചരണം തെറ്റാണ്. മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്തുള്ള പ്രചരണവും മന്ത്രി റിയാസിനെതിരെ തെറ്റായ ആരോപണങ്ങൾ കെട്ടിച്ചമച്ചുള്ള പ്രചരണവും സാമൂഹ്യമാധ്യമങ്ങളിൽ പതിവാണ്.ഇതിനെല്ലാം പിന്നിൽ ചില പ്രതിപക്ഷ നേതാക്കളാണ്. സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് നിൽക്കണം.
പ്രതിപക്ഷ
വാക്കൗട്ട്
കോഴിക്കോട്ട് അദ്ധ്യാപകനെ ചവിട്ടിക്കൊന്നവരാണ് എം.എസ്.എഫെന്ന ധനമന്ത്രിയുടെ പ്രസ്താവന ബഹളത്തിനിടയാക്കി. അടിസ്ഥാനരഹിതമായ പ്രസ്താവന പിൻവലിക്കണമെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം മന്ത്രി തള്ളി.ഇതോടെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദമായി.പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
നികുതി, ഇതര
വരുമാനത്തിൽ
65% വർദ്ധന
തിരുവനന്തപുരം : മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിന്റെ നികുതി, നികുതിയേതര വരുമാനത്തിൽ 65 ശതമാനം വർദ്ധനയുണ്ടായതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. നികുതി വരുമാനം 56000 കോടിയായി ഉയർന്നു.
.ദേശീയാരോഗ്യ പദ്ധതിയിൽ മാത്രം ആയിരം കോടിയാണ് കേന്ദ്രം കഴിഞ്ഞ വർഷം നൽകാനുള്ളത്. ബ്രാൻഡിങിന്റെയും മറ്റും പേരിലാണ് കേന്ദ്രവിഹിതം തടയുന്നത്. ദേശീയാരോഗ്യപദ്ധതിയുടെ കേന്ദ്രവിഹിതവും പലിശരഹിത വായ്പയായി കേന്ദ്രം അനുവദിക്കുന്ന മൂലധന നിക്ഷേപങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം ലഭിക്കേണ്ട 1925 കോടി അനുവദിച്ചിട്ടില്ല.
സംസ്ഥാനം 90 ശതമാനത്തിലധികം തുക ചെലവഴിക്കുന്ന ലൈഫ് പദ്ധതിയിലും വിഴിഞ്ഞം കാപെക്സ് പദ്ധതിക്ക് പണം നൽകാനും ബ്രാൻഡിങ് നിർബന്ധിതമാക്കുകയാണ്. യുജിസി വിഹിതമായി 750 കോടി ലഭിക്കാനുണ്ട്. നെല്ല് സംഭരണത്തിൽ 1000 കോടിയാണ് കുടിശിക.കേന്ദ്ര വിഹിതം നേടിയെടുക്കുന്നതിൽ പ്രതിപക്ഷത്തിന്റെ പിന്തുണ മന്ത്രി അഭ്യർത്ഥിച്ചു.
നികുതി വെട്ടിപ്പ് ;
തടയും
നികുതി വെട്ടിപ്പിനെതിരെയുള്ള നടപടികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ചരക്ക്, സേവന മേഖലകളെ പ്രത്യേകമായി നിരീക്ഷിക്കും. വ്യാജ രജിസ്ട്രേഷൻ, വെട്ടിപ്പ് തടയാനും നടപടിയെടുത്തിട്ടുണ്ട്. . ഇന്റലിജൻസ് നടപടികൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കൃത്യമായി നികുതി അടയ്ക്കുന്ന വ്യാപാരികൾ നടപടികൾ നേരിടേണ്ടി വരുന്നില്ല. സംസ്ഥാനത്ത് ഐ.ജി.എസ്.ടി നികുതി ചോർച്ചയുണ്ടെന്നും റിട്ടേൺ ഫോമുകളിലെ പരിമിതിയാണ് കാരണമെന്നും ചരക്ക് സേവന നികുതി വകുപ്പിന്റെ ഡേറ്റ അനലിറ്റിക്സ് വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട റിട്ടേൺ ഫോമുകളിൽ ഭേദഗതി വരുത്തണമെന്ന് ജി.എസ്.ടി കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി ചോർച്ച തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.