ഓൺലൈൻ തട്ടിപ്പ് പെരുകുന്നു കൊല്ലം റൂറലിൽ മാത്രം നഷ്ടപ്പെട്ടത് 13.79 കോടി!
ഈ വർഷം ഇതുവരെ 54 കേസുകൾ
കൊല്ലം: പൊലീസിന്റെ കൊല്ലം റൂറൽ മേഖലയിൽ ഓൺലൈൻ തട്ടിപ്പുകളിലൂടെ ഇതുവരെ നഷ്ടപ്പെട്ടത് 13.79 കോടി രൂപ! ഈ വർഷം ജൂൺ വരെ 54 കേസുകളും കഴിഞ്ഞ വർഷം 59 കേസുകളും രജിസ്റ്റർ ചെയ്തു. ആകെ 150 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ വർഷം മാത്രം തട്ടിപ്പിന് ഇരയായവരുടെ 87.50 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി മരവിപ്പിച്ചു നിറുത്താനും 3.69 ലക്ഷം രൂപ പരാതിക്കാരുടെ അക്കൗണ്ടുകളിൽ തിരിച്ചെത്തിക്കാനും കഴിഞ്ഞു. 117 ബാങ്ക് അക്കൗണ്ടുകളിലായി മരവിപ്പിച്ച 54.30 ലക്ഷം രൂപ തിരികെ പരാതിക്കാരുടെ അക്കൗണ്ടിൽ എത്തിക്കാനുള്ള സ്പെഷ്യൽ ഡ്രൈവ് പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏറെക്കുറെ പൂർത്തിയാക്കി. ഇനി പരാതിക്കാർക്ക് കോടതിയുമായി ബന്ധപ്പെട്ട് തുക തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാവും.
സൈബർ തട്ടിപ്പുകളിലെ പ്രതിസ്ഥാനത്ത് മലയാളികളുടെ സാന്നിദ്ധ്യം കൂടുന്നുവെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനിരയായി കംബോഡിയ, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ കൊല്ലം റൂറൽ സ്വദേശികളായ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക ഭദ്രതയുള്ളവരാണ് ഇരകൾ.
കുടുങ്ങുന്നവരിൽ കൂടുതലും സ്ത്രീകൾ
ഓൺലൈൻ തട്ടിപ്പിൽ ഇരയാവുന്നവരിൽ കൂടുതലും സ്ത്രീകളാണ്. വിദേശത്തേക്ക് അയച്ച പാഴ്സലിൽ മയക്കുമരുന്ന് പോലുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ചിലരെ കബളിപ്പിച്ചിട്ടുള്ളത്.
തട്ടിപ്പിന്റെ മറ്റു വഴികൾ
ഷെയർ മാർക്കറ്റിലടക്കം നിക്ഷേപം നടത്തി സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യും
ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന പേരിൽ ലോൺ വാഗ്ദാനം
സോഷ്യൽ മീഡിയ വഴി ആൾമാറാട്ടം
ലോട്ടറി അടിച്ചുവെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്
പൊലീസിന്റെയും മറ്റും യൂണിഫോമിലുള്ള ഫോട്ടോ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കൽ
സൈബർ ടെക്നീഷ്യനാണെന്ന പേരിൽ കബളിപ്പിക്കൽ
5 പേർ അറസ്റ്റിൽ
റൂറൽ ജില്ലയിലെ 11 പരാതികളിൽ കേരളത്തിനുള്ളിലെ വിവിധ ജില്ലകളിൽ നിന്നായി ചെക്ക് മുഖേന തുക പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 5 പ്രതികളെ അറസ്റ്റ് ചെയ്തു.
ഓൺലൈൻ തട്ടിപ്പ് കേസുകൾ കൂടിവരുന്നു. ജാഗ്രതയുണ്ടാകണം. പണം നഷ്ടപ്പെട്ടുവെന്ന് ബോദ്ധ്യപ്പെട്ടാൽ ഉടൻ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക. മലയാളത്തിൽ പറഞ്ഞാൽ മതിയാകും. കാലതാമസം ഉണ്ടായാൽ തുക വീണ്ടെടുക്കാനുള്ള സാദ്ധ്യതയും കുറയും.
- കെ.എം.സാബു മാത്യു, കൊല്ലം റൂറൽ എസ്.പി