തട്ടിപ്പിന് തടയിടാൻ 340 സൈബർ വോളണ്ടിയർമാർ

Wednesday 10 July 2024 1:02 AM IST

കൊല്ലം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാൻ റൂറൽ പൊലീസ് ജില്ലയിൽ സൈബർ വോളണ്ടിയർമാരായി 340 പേരെ നിയോഗിച്ചു. പൊതുജനങ്ങൾക്ക് സൈബർ സുരക്ഷ അവബോധം സൗജന്യമായി നൽകുകയാണ് മുഖ്യലക്ഷ്യം. സൈബർ തട്ടിപ്പുകൾ വ്യാപകമാവുകയും 13 കോടിയിലധികം രൂപ റൂറൽ ജില്ലയിൽ മാത്രം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.

റസിഡൻസ് അസോസിയേഷനുകൾ, ഗ്രാമീണ കൂട്ടായ്മകൾ എന്നിവ വിളിച്ചുകൂട്ടിയാണ് ക്ളാസെടുക്കുന്നത്. ജനമൈത്രി പൊലീസും ജനപ്രതിനിധികളും ഇതിനായി മുൻകൈയെടുക്കും. ജില്ലാ ക്രൈം റെക്കോർ‌ഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്. അതത് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെയും മറ്റ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ക്ളാസെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയാണ് പ്രവർത്തനം മുന്നോട്ടു പോകുന്നത്.

പരിശീലനം നൽകി

അപേക്ഷ ക്ഷണിച്ചാണ് സന്നദ്ധ സേവനത്തിനുള്ള സൈബർ വോളണ്ടിയർമാരെ കണ്ടെത്തിയത്. ഇവർക്ക് പരിശീലനം നൽകി. പൊതുജനങ്ങൾക്ക് നേരിട്ട് ബോധവത്കരണം നടത്തുകയാണ് പ്രധാന ചുമതല. തട്ടിപ്പിനിരയായവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി നിയമ സംരക്ഷണം ഉറപ്പാക്കും.

റൂറൽ പൊലീസ് ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും നിരവധി അവയർനസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങൾ കൂടുകയാണ്. ഈ സാഹചര്യത്തിൽ ബോധവത്കരണമാണ് പോംവഴി. സൈബർ വോളണ്ടിയർമാർ പ്രവർത്തനം തുടങ്ങി

കെ.എം. സാബു മാത്യു, റൂറൽ എസ്.പി

Advertisement
Advertisement