നവകേരളസദസ് വൻപരാജയമെന്ന് സി.പി.ഐ

Wednesday 10 July 2024 1:19 AM IST

തിരുവനന്തപുരം: നവകേരളസദസ് വൻപരാജയമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രചാരണ ജാഥയായിരുന്നു നടത്തേണ്ടിയിരുന്നത്. പകരം സംഘടിപ്പിച്ച നവകേരള സദസ് വേണ്ട രീതിയിൽ വിജയിച്ചില്ല. ഇങ്ങനെ പോയാൽ ബംഗാളിലേക്കുള്ള ദൂരം കുറയുമെന്നും ചില അംഗങ്ങൾ പറഞ്ഞു.

സർക്കാരും മുന്നണിയും ഒരാളിലേക്ക് ചുരുങ്ങി. അതിന്റെ അപകടമാണ് തിരഞ്ഞെടുപ്പിൽ സംഭവിച്ചത്. പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നു. ഇതു മുന്നണിക്ക് ദോഷം ചെയ്‌തെന്നും വിമർശനമുയർന്നു.

എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ നോക്കുകുത്തിയാവുന്നു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് വേണ്ടി സി.പി.എം പ്രവർത്തിച്ചില്ല. പന്ന്യന് പകരം യുവനേതാവിനെ മത്സരിപ്പിക്കണമായിരുന്നു. എന്തു പറഞ്ഞാലും തിരുത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സി.പി.എം പരിശോധിക്കണം. ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അദ്ദേഹത്തിന്റെ ബി.ജെ.പി ബന്ധം സംബന്ധിച്ചുയർന്ന വിവാദം അത്ര നിഷ്‌കളങ്കമല്ല. ഇ.പിയെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സി.പി.ഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമർശനമുയർന്നു. കൗൺസിൽ യോഗം ഇന്നും തുടരും.

Advertisement
Advertisement