ശിവഗിരിയിൽ ലോക പ്രവാസി സംഗമം: ജില്ലാതല യോഗങ്ങൾ 14 മുതൽ

Wednesday 10 July 2024 1:25 AM IST

ശിവഗിരി: സെപ്‌തംബർ 16,17 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കുന്ന ലോക പ്രവാസി സംഗമത്തിന്റെ മുന്നോടിയായി മഠത്തിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 14 മുതൽ 27 വരെ ജില്ലാതല പ്രവാസി സംഗമം സംഘടിപ്പിക്കും.

നാട്ടിലെത്തിയിട്ടുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും നാട്ടിൽ ഇല്ലാത്തവരുടെ കുടുംബാംഗങ്ങൾക്കും യോഗങ്ങളിൽ പങ്കെടുക്കാം. ജില്ലാതല യോഗങ്ങളിൽ ഗുരുധർമ്മ പ്രചാരണസഭയുടെ ജില്ലാ,മണ്ഡലം,യൂണിറ്റ് ഭാരവാഹികളും മാതൃസഭാ പ്രവർത്തകരും പങ്കെടുക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.

14ന് തിരുവനന്തപുരം,15ന് കൊല്ലം,16ന് പത്തനംതിട്ട,17ന് ആലപ്പുഴ,18ന് കോട്ടയം,19ന് ഇടുക്കി,20ന് എറണാകുളം,21ന് തൃശൂർ,22ന് പാലക്കാട്,23ന് മലപ്പുറം,24ന് കോഴിക്കോട്,25ന് കണ്ണൂർ,26ന് വയനാട്,27ന് കാസർകോട് എന്നിങ്ങനെയാണ് ജില്ലാതല സംഗമങ്ങൾ.

യോഗങ്ങളിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവരും മറ്റ് സന്യാസിമാരും സഭയുടെ കേന്ദ്ര-ജില്ലാ ഭാരവാഹികളും പങ്കെടുക്കും.