ഇനി ഗംഭീറിന്റെ കാലം

Wednesday 10 July 2024 1:49 AM IST

മുംബയ് : ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. ഗൗതം ഗംഭീറിനെ മൂന്ന് ഫോർമാറ്റുകളിലെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ഇന്നലെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ട്വന്റി-20 ലോകകപ്പോടെ ദ്രാവിഡ് മാറുമെന്ന് അറിയാമായിരുന്നതിനാൽ കഴിഞ്ഞമാസം തന്നെ പുതിയ കോച്ചിനായി ബി.സി.സി.എ നോട്ടിഫിക്കേഷൻ നൽകിയിരുന്നു. ചട്ടപ്രകാരം അഭിമുഖം നടത്തിയാണ് ഗംഭീറിനെ കോച്ചായെടുത്തത്. ഐ.പി.എല്ലിൽ ഈ സീസണിൽ കൊൽക്കത്തയിലേക്ക് തിരിച്ചെത്തി അവരെ ചാമ്പ്യന്മാരാക്കിയതോടെയാണ് ഗംഭീറിന് ഇന്ത്യൻ കോച്ചായി നറുക്ക് വീണത്. പ്രതിഫലത്തെച്ചൊല്ലിയുള്ള അവസാന വട്ടചർച്ചകളിലായിരുന്നു കഴിഞ്ഞദിവസങ്ങളിൽ ഗംഭീറും ബി.സി.സി.ഐയും . തന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ഇന്ത്യൻ താരവും മറുനാടൻ മലയാളിയുമായ അഭിഷേക് നായരെ വേണമെന്ന ആവശ്യവും ഗംഭീർ മുന്നോട്ടുവച്ചിരുന്നു.

ദ്രാവിഡിനെ കോച്ചാക്കാൻ
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ട്വന്റി-20 ലോകകപ്പ് നേടിക്കൊടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിനെ കോച്ചാക്കാൻ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. തങ്ങളുടെ കോച്ച് ഗൗതം ഗംഭീർ ദ്രാവിഡിന് പകരം ഇന്ത്യൻ കോച്ചായതോടെയാണ് തയ്യാറെടുക്കുന്നതോടെയാണ് ദ്രാവിഡിനെതന്നെ ക്ഷണിക്കാനുള്ള കെ.കെ.ആറിന്റെ ശ്രമം.

കഴിഞ്ഞ ദിവസം ഗംഭീർ കൊൽക്കത്തയിലെത്തി കെ.കെ.ആർ ആരാധകരോട് നന്ദി പറഞ്ഞിരുന്നു. ഈ സീസണിൽ കൊൽക്കത്തയെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയ കോച്ചാണ് ഗംഭീർ. ദ്രാവിഡ് ഇന്നലെ ബംഗളുരു ക്രിക്കറ്റ് അക്കാഡമിയിലെത്തി തന്റെ സഹപ്രവർത്തകരോട് നന്ദി പറഞ്ഞിരുന്നു.

താങ്ക്യു ദ്രാവിഡ്

2021 നവംബറിലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനമേറ്റത്.

നേട്ടങ്ങൾ

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ചു.

ആസ്ട്രേലിയയ്ക്ക് എതിരെ ഹോം ടെസ്റ്റ് സിരീസിൽ ജയം.

ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്,ശ്രീലങ്ക,ആസ്ട്രലിയ എന്നിവർക്കെതിരെ ഏകദിന പരമ്പര വിജയങ്ങൾ.

വിൻഡീസിൽ ഏകദിന,ടെസ്റ്റ് പരമ്പര വിജയങ്ങൾ.

2023ൽ ഏഷ്യാകപ്പിൽ കിരീടനേട്ടം.

ഈ വർഷം ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് പരമ്പര വിജയം.

ട്വന്റി-20 ലോകകപ്പ് കിരീട‌ം

നഷ്ടങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടെസ്റ്റ് പരമ്പര 1-0ത്തിന് ലീഡ് നേടിയശേഷം കൈവിട്ടു.

2022 ട്വന്റി-20 ലോകകപ്പിൽ സെമിഫൈനലിൽ പുറത്തായി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഓസ്ട്രേലിയയോട് തോൽവി.

Advertisement
Advertisement