കൊച്ചിയിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസിന് തീപിടിച്ചു

Wednesday 10 July 2024 9:46 AM IST

കൊച്ചി: സ്‌കൂൾ ബസിന് തീപിടിച്ചു. എറണാകുളം കുണ്ടന്നൂരിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. തേവര എസ്‌എച്ച്‌ സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.

ബസിൽ കുട്ടികളുണ്ടായിരുന്നു എങ്കിലും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഇവരെ പുറത്തിറക്കി. ഇതിന് പിന്നാലെ ബസ് ആളിക്കത്തുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ചെങ്ങന്നൂരിലും അപകടം, വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലും സ്‌കൂൾ ബസിന് തീപിടിച്ചിരുന്നു. വിദ്യാർത്ഥികളെ കയറ്റിവരും വഴിക്കാണ് അപകടമുണ്ടായത്. ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങന്നൂർ ആലാ അത്തലക്കടവ് -പെണ്ണുക്കര ക്ഷേത്രം റോഡിൽ വച്ചാണ് മാന്നാർ ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസിന് തീപിടിച്ചത്.

പുലിയൂർ, പേരിശേരി, ആല എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ കയറ്റിവരുമ്പോഴാണ് ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവർ ശ്രീകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം 17 വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു. പെട്ടെന്ന് എഞ്ചിൻ ഓഫ് ചെയ്ത് ഡ്രൈവർ വിദ്യാർത്ഥികളെ പുറത്തിറക്കി സമീപത്തെ വീട്ടിലേക്ക് മാറ്റി. പിന്നാലെ ബസ് പൂർണമായി കത്തിയമർന്നു.

ബസിലെയും പ്രദേശവാസിയായ അഡ്വ.ജെയ്സന്റെ വീട്ടിലെയും അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. പിന്നീട് വിദ്യാർത്ഥികളെ വിവിധ വാഹനങ്ങളിൽ സ്‌കൂൾ അധികൃതർ വീടുകളിൽ എത്തിച്ചു. ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കത്തിയ ബസിൽ വിദഗ്ദ്ധ പരിശോധന നടത്തുന്നതിനായി നാല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Advertisement
Advertisement