പ്രവാസികൾക്ക് ഇരട്ടി സന്തോഷം, ഈ ദിവസങ്ങളിൽ വിമാന ടിക്കറ്റെടുക്കൂ, വൻതുക ലാഭിക്കാം

Wednesday 10 July 2024 10:22 AM IST

അബുദാബി: പല ഗൾഫ് രാജ്യങ്ങളിലും അവധിക്കാലം വന്നെത്തിയതോടെ വിമാന ടിക്കറ്റ് നിരക്കും കമ്പനികൾ കുത്തനെ ഉയർത്തി. പല രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്താൻ ഇപ്പോൾ ഇരട്ടികത്തുക നൽകേണ്ട അവസ്ഥയാണ്. അതിനാൽ തന്നെ കുടുംബമായി നാട്ടിലേക്ക് വരാൻ നിൽക്കുന്നവർക്ക് ലക്ഷങ്ങൾ ചെലവാക്കേണ്ടി വരും. ഇപ്പോഴിതാ ചില ദിവസങ്ങളിൽ ടിക്കറ്റെടുത്ത് കഴിഞ്ഞാൽ ആറായിരത്തിലധികം രൂപ ലാഭിക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഞായറാഴ്‌ചകളിൽ ടിക്കറ്റ് എടുക്കുന്നതിന് പകരം ബുധനാഴ്‌ച എടുക്കണം എന്നാണ് അവർ പറയുന്നത്. ഇതിലൂടെ ഒരു ടിക്കറ്റിന് ശരാശരി 279.15 ദിർഹം ( 6,344.95 രൂപ ) ലാഭിക്കാൻ കഴിയും. പ്രത്യേകിച്ച് ജൂലായ് അവസാനം മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിൽ ഓഫറുകളും വരാൻ സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് എയർലൈൻ നൽകുന്ന ഓഫറുകൾ ഈ സമയത്താണ് ആരംഭിക്കുന്നതെന്ന് ഈസ്‌ മൈ ട്രിപ്പിന്റെ സഹസ്ഥാപകനായ റികാന്ത് പിറ്റി ഒരു ഗൾഫ് മാദ്ധ്യമത്തോട് പറ‌ഞ്ഞു.

ജൂലായ് അവസാനമാകുമ്പോൾ ശരാശരി ടിക്കറ്റ് നിരക്കിനേക്കാൾ എട്ട് ശതമാനം വരെ വിലക്കുറവ് ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ഒരു മാസം തുടങ്ങുമ്പോൾ അതിലെ ആദ്യ ചൊവ്വാഴ്‌ച മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കുറവായിരിക്കും. ഇതിലൂടെ ഏകദേശം ആറ് ശതമാനത്തോളം തുക വീണ്ടും ലാഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement