ആദിവാസി വിഭാഗക്കാർക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിരോധിത വെളിച്ചെണ്ണ; ഭക്ഷ്യവിഷബാധയേറ്റതായി പരാതി

Wednesday 10 July 2024 10:43 AM IST

ഇടുക്കി: സർക്കാർ വിതരണം ചെയ്ത വെളിച്ചെണ്ണ ഉപയോഗിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ ഉൾപ്പെട്ടിരുന്നു. ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

'കേരള സുഗന്ധി' എന്ന പേരിലുള്ള നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പാക്കറ്റാണ് കിറ്റിലുണ്ടായിരുന്നത്. പരാതി ഉയർന്നതിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപി ഉദ്യോഗസ്ഥരും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.

അതേസമയം, വെളിച്ചെണ്ണ തന്നെയാണോ ആരോഗ്യപ്രശ്‌നത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ലെന്നും പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നുമാണ് സംഭവത്തിൽ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസറുടെ വിശദീകരണം. സർക്കാർ അംഗീകൃത ഏജൻസികൾ തന്നെയാണ് കിറ്റ് വിതരണം നടത്തിയത്. നിരോധിത വെളിച്ചെണ്ണയാണെന്ന് ഇപ്പോഴാണ് പരാതി ഉയർന്നത്. ഇതിന്റെ വസ്‌തുതയും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നേരത്തെ പകർച്ചപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന തുടരുകയാണെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു.

Advertisement
Advertisement