'സർക്കാർ ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പം'; പ്രതികൾ പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കുമെന്ന് കെ കെ രമ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി നടന്ന അതിക്രമങ്ങൾ നിയമസഭയിൽ ചൂണ്ടിക്കാട്ടി കെ കെ രമ എം എൽ എ. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സർക്കാരിനെ രുക്ഷമായി വിമർശിച്ചത്.
സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സർക്കാരിന് വേണ്ടി മന്ത്രി വീണാ ജോർജായിരുന്നു സഭയിൽ മറുപടി നൽകിയത്. ഇതിനെയും രമ വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യമെന്നും രമ പറഞ്ഞു.
'അരൂരിലെ ദളിത് പെൺകുട്ടിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? അവർ സിപിഎം പ്രവർത്തകർ ആയതുകൊണ്ടാണോ?. പ്രതികൾ പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗം പി ജെ ബേബി കലോത്സവ ഗ്രീൻ റൂമിൽ വച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം കാണിച്ചു. പെൺകുട്ടി പാർട്ടിക്ക് പരാതി നൽകി. നടപടി ഇല്ലാത്തതിനാൽ പൊലീസിന് പരാതി നൽകി. പ്രതിയെ പാർട്ടി സംരക്ഷിക്കുകയാണ്. ഇത്തരം വിഷയങ്ങൾ കേരളത്തെ നാണിപ്പിക്കുന്നതാണ്',- രമ വ്യക്തമാക്കി.
'കാലടി ശ്രീശങ്കര കോളേജിലെ മുൻ എസ്എഫ്ഐ നേതാവ് രോഹിത്ത് പെൺകുട്ടിയുടെ ഫോട്ടോ അശ്ലീല ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. പെൺകുട്ടി തെളിവ് സഹിതം പരാതി നൽകിയിട്ടും പ്രതിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. നിരവധി പെൺകുട്ടികളുടെ ചിത്രമാണ് പ്രതി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ച് കൊച്ചുകുട്ടികളെ ലെെംഗികമായി പീഡിപ്പിക്കുകയും അവരോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തുവെന്നതും ഞെട്ടിക്കുന്നതാണ്. ഡൽഹി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ ഗുസ്‌തിതാരങ്ങൾക്ക് നേരെ നടത്തിയ അതിക്രമങ്ങളെ വെല്ലുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന നമ്പർ വൺ കേരളത്തിലാണ് ഇത് നടക്കുന്നത്', - രമ കുറ്റപ്പെടുത്തി.
'എസ്എഫ്ഐക്കാർ കോളേജുകളിൽ കാട്ടികൂട്ടുന്ന അതിക്രമത്തെ ന്യായീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഒരു കാലത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ച ആളാണ് ഞാൻ. ഇന്നും അത് അഭിമാനത്തോടെ പറയും. എന്നാൽ ഇന്ന് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും പെൺകുട്ടിക്ക് നാളെ താൻ എസ്എഫ്ഐക്കാരിയായിരുന്നെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന സാഹചര്യമുണ്ടോ? നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡ് പുറത്തുപോകുന്ന നാടായി കേരളം മാറി. നടിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് കേസ് മുന്നോട്ട് പോകുന്നത്. ഹേമ കമ്മിഷൻ റിപ്പോർട്ട് നാലുവർഷമായി പുറത്തുവന്നിട്ടില്ല. ഐസിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് ഒപ്പം നിന്ന ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. വണ്ടിപ്പെരിയാറിലും വാളയാറിലും ഇരകൾക്ക് നീതികിട്ടിയില്ല', രമ പറഞ്ഞു.