'ക്ഷേമ പെൻഷൻ കുടിശിക ഉടൻ കൊടുത്ത് തീർക്കും'; സുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Wednesday 10 July 2024 2:56 PM IST

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിമാസം 1600 രൂപ നല്‍കുന്ന സാമൂഹിക ക്ഷേമ പെന്‍ഷന്റെ അഞ്ച് ഗഡുക്കളാണ് കുടിശികയുള്ളത്. 2024 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നുണ്ട്. കുടിശിക 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ഗഡുക്കളായും 2025 - 26 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ഗഡുക്കളായും വിതരണം ചെയ്യും. 4250 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രി സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചെന്ന് ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ ധനകാര്യ കമ്മീഷന്റെ പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണ്. അതിന്റെ പേരില്‍ നികുതി വിഹിതം കുറയ്ക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവര്‍ഷ കടപരിധിയില്‍ നിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണെന്നും, 2020 -21ല്‍ 31,068 കോടി രൂപയായിരുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുകള്‍ 2023-24ല്‍ 12,068 കോടി രൂപയായി ചുരുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.