കാപ്പാ കേസ് പ്രതിയ്‌‌ക്കൊപ്പം പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്നയാൾ കഞ്ചാവുമായി എക്‌സൈസ് പിടിയിൽ, സംഭവം ഗൂഢാലോചനയെന്ന് ഏരിയ സെക്രട്ടറി

Wednesday 10 July 2024 7:52 PM IST

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്‌ണനാണ് രണ്ട് ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളെ പ്രതിയാക്കി കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. പത്തനംതിട്ടയിൽ ബിജെപിയിൽ നിന്നും 62 പേരാണ് ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്നത്. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു. മന്ത്രി വീണാ ജോർജടക്കം പങ്കെടുത്ത ചടങ്ങിലാണ് ഇവരെ പാർട്ടിയിൽ സ്വീകരിച്ചത്. ഇതിനിടെ ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയാണെന്ന വാർത്ത പുറത്തുവന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതിലടക്കം കേസുള്ളയാളാണ് ശരൺ ചന്ദ്രൻ. ഇയാൾക്കൊപ്പം അന്ന് പാർട്ടിയിലെത്തിയയാളാണ് യദു കൃഷ്‌ണൻ.

അതേസമയം യദു കൃഷ്‌ണനെ പ്രതിരോധിച്ച് പാർട്ടി നേതൃത്വം രംഗത്തെത്തി. കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല യദു കൃഷ്‌ണനെന്ന് പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു പറഞ്ഞു. യുവമോർച്ച നേതാവ് മാജിക് കണ്ണനും എക്‌സൈസ് ഓഫീസർ അസീസുമാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും സഞ്ജു ആരോപിച്ചു. സിപിഎം പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എം.വി സഞ്ജു ഓർമ്മിപ്പിച്ചു.

കാപ്പാ ചുമത്തിയ ശേഷവും അക്രമങ്ങളിൽ പങ്കെടുത്തതോടെ ശരൺ ചന്ദ്രനെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലാക്കി. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയണ് ഇവർ സിപിഎമ്മിലെത്തിയത്. ശരണിനെതിരെ നിലവിൽ കാപ്പാ കേസില്ലെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു.