വീടുകളിലും ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും നിത്യവും വേണ്ട വിഭവം, എന്നിട്ടും കർഷകർ ദുരിതത്തിൽ, കാരണം കോഴിയോ?

Wednesday 10 July 2024 10:05 PM IST

മൂവാറ്റുപുഴ: കപ്പക്ക് ഫംഗസ് രോഗം വ്യാപകമായതോടെ കർഷകർ ദുരിതത്തിൽ. പായിപ്ര മേഖലയിൽ ഏക്കറുകണക്കിന് സ്ഥലത്തെ കപ്പക്കൃഷിക്കാണ് ഫംഗസ് രോഗം പടർന്ന് പിടിച്ചിരിക്കുന്നത്. കപ്പ നല്ല മൂപ്പെത്തി വിറ്റാൽ ചെലവും പാട്ടവും കഴിഞ്ഞാലും നല്ല തുക ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് നിരവധി പേർ കൃഷിയിറക്കിയത്. എന്നാൽ ഫംഗസ് രോഗം കർഷകരുടെ പ്രതീക്ഷകളെയെല്ലാം തകർത്തു.

രോഗകാരണത്തിനിടയാക്കുന്ന ഫംഗസ് എവിടെ നിന്ന് വരുന്നു എന്നത് വ്യക്തമല്ല. കോഴിവളമാണ് കപ്പകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൽ നിന്നാണോ ഫംഗസ് പടരുന്നതെന്ന സംശയമുണ്ട്. മേഖലയിലെ പ്ലൈവു‌ഡ്, പശ ഫാക്ടറികളിൽ നിന്നുള്ള വിഷാംശവും കാരണമാകാമെന്ന് ചില കർഷകർ പറയുന്നു.

മിക്ക കർഷകരും കൂലിക്ക് ആളെ വച്ചാണ് കൃഷി ഇറക്കുന്നത്. ഈ വർഷവും വളം വിലയും വർദ്ധിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ തരിശുകിടന്ന ഏക്കറുകണക്കിന് സ്ഥലത്താണ് കപ്പ കൃഷി ചെയ്തിരിക്കുന്നത്. പത്ത് മാസം കൊണ്ട് വിളവെടുക്കുന്ന കപ്പയാണ് അധികവും. അഭ്യന്തര വിപണിയിൽ കപ്പയ്ക്ക് പ്രിയമേറിയതാണ് വ്യാപകമായി കൃഷി ചെയ്യുവാൻ കർഷകരെ പ്രേരിപ്പിച്ചത്. തങ്ങളെ സംരക്ഷിക്കുവാൻ കൃഷിവകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കപ്പ കൃഷിനടത്തി വളർന്ന് വലുതായി വിളവെടുക്കാറായ സമയത്താണ് ഫംഗസ് രോഗം ബാധിച്ചത്. മുഴുവൻ കൃഷിയും നശിച്ചുപോയി. സ്ഥലത്തിന്റെ പാട്ടം പോലും കൊടുക്കുവാൻ നിവർത്തിയില്ലാതെ അവസ്ഥയിലാണ്.

ചാലിൽ ഉമ്മർ

കർഷകൻ

വളർന്നുവരുന്ന കിഴങ്ങിന്റെ നിറംമാറി അഴുകുന്നതാണ് രോഗലക്ഷണം. തുടർന്ന് ഇലകൾ വാടാൻ തുടങ്ങും. ക്രമേണ തണ്ട് മറിഞ്ഞ് കപ്പച്ചെടി പൂർണമായും നശിക്കും.

ഫ്യൂസേറിയം എന്ന കുമിളാണ് രോഗകാരണമെന്നാണ് പ്രാഥമിക വിലയിരുത്തിൽ. ഇത് സ്ഥിരീകരിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണ്. നടീൽ വസ്തു, മണ്ണ്, വെള്ളം എന്നിവയിലൂടെയാണ് രോഗ സംക്രമണം.

സൈനുദ്ദീൻ

കൃഷി ഓഫിസർ

മൂവാറ്റുപുഴ

താത്കാലിക നിയന്ത്രണ മാർഗങ്ങൾ

ചെടിയൊന്നിന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് നൽകുക

ട്രൈക്കോഡെ‌ർമ ചേർത്ത ജൈവവളം ചെടിയൊന്നിന് 1 കിലോ വീതം

കുമിൾ നാശിനിയിൽ മുക്കിയ നടീൽവസ്തു ഉപയോഗിക്കുക

കൃഷിയിടം തയ്യാറാക്കുമ്പോൾ ആവശ്യത്തിന് കുമ്മായം ഇടുക

Advertisement
Advertisement