വിഴിഞ്ഞത്തിനായി കേരളകൗമുദി പോരാടി : ചേംബർ ഒഫ് കോമേഴ്സ്

Thursday 11 July 2024 1:03 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ കേരളകൗമുദിയുടെ പങ്ക് വളരെ വലുതാണെന്ന് തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ. പദ്ധതിയുടെ തുടക്കം മുതൽ ശക്തമായ പോരാട്ടമാണ് കേരളകൗമുദി നടത്തിയത്. മത്സ്യത്തൊഴിലാളികളെ അടക്കം തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്കെതിരേ നിന്നപ്പോൾ കേരളകൗമുദി മാത്രമാണ് തലസ്ഥാനത്തിന്റെ വികസനത്തിനായി വേണ്ടി നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തിന്റെ വികസന ഭൂപടത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം തുറമുഖം. തിരുവനന്തപുരത്തിന്റെ അനന്ത സാദ്ധ്യതകളാണ് ഇനി തുറക്കുന്നത്. കേരളം ബ്ലൂ ഇക്കണോമി സംസ്ഥാനമാകണം. തിരുവനന്തപുരം ലോകം അറിയുന്ന ബ്രാൻഡ് ആവണം.

ട്രയൽ റണ്ണിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ. കസ്റ്റംസ്, എമിഗ്രേഷൻ, ഡ്യൂട്ടിഫ്രീ ക്ലീയറൻസ് പൂർത്തിയാകാനുണ്ട്. പിന്നെ കമ്മിഷനിംഗ് സ്റ്റേജിലെത്തും. ക്രെയിനുകളിൽ കണ്ടെയ്‌നർ കയറ്റാനും ഇറക്കാനുമുള്ള പ്രശ്നങ്ങളാണ് പരിശോധിക്കുന്നത്. ഇപ്പോൾ കടലിൽ നല്ല തിരയാണ്. പ്രതികൂല കാലാവസ്ഥയിൽ ചരക്കുനീക്കത്തിന്റെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും പറ്റിയ സമയമാണിത്.

റോഡ്, റെയിൽ വഴിയുള്ള കണ്ടെയ്‌നർ നീക്കത്തിന് സൗകര്യങ്ങൾ ഒരുക്കണം.

വിഴിഞ്ഞം റോഡ് വികസിപ്പിച്ച് ദേശീയപാതയുമായി ബന്ധിപ്പിക്കണം. നേമത്തേക്കോ ബാലരാമപുരത്തേക്കോ റെയിൽ കണക്ടിവിറ്റി വേണം. ഇതിന് റോഡ്, റെയിൽ മന്ത്രാലയങ്ങളുമായി ചേർന്ന് നടപടികൾ വേഗത്തിലാക്കണം. അതിനായി കേന്ദ്രമന്ത്രിമാരെ ക്ഷണിക്കണം. ട്രയൽ റൺ നടപടികളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഉൾപ്പെടുത്തണം. പദ്ധതിക്ക് അദ്ദേഹവും എം.പി ഡോ. ശശി തരൂരും വലിയ സംഭാവനകൾ നൽകി.

ഉൾനാടൻ ജല ഗതാഗതവും വികസിപ്പിക്കണം. അതുവഴിയും കപ്പലുകളിൽ ചരക്ക് കടത്താം. കപ്പലിലേക്കുള്ള കുടിവെള്ള സപ്ലൈ, ഇന്ധനം, പ്രൊവിഷനുകൾ, കപ്പലിൽ വരുന്നവർക്ക് താമസം തുടങ്ങിയ സൗകര്യങ്ങളും വികസിപ്പിക്കണം. അന്താരാഷ്‌ട്ര കണ്ടെയനർ കമ്പനികൾക്ക് ഓഫീസിനും വ്യാപാരത്തിനും സൗകര്യങ്ങൾ ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികളുടെ ചില പ്രശ്നങ്ങളിൽ ധാരണകളുണ്ടെങ്കിലും മീൻപിടിത്തം, ഹാർബർ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രദേശവാസികൾക്ക് തൊഴിൽ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും രഘുചന്ദ്രൻ നായർ ആവശ്യപ്പെട്ടു.

Advertisement
Advertisement