വിഴിഞ്ഞം ചോളന്മാരുടെ 'രാജേന്ദ്രചോള പട്ടണം"

Thursday 11 July 2024 1:14 AM IST

തിരുവനന്തപുരം: പ്രാചീന സംഘകാലത്തെ 'ആയ്" രാജ്യത്തിന്റെ സൈനിക കേന്ദ്രമായിരുന്നു കടൽ ഗതാഗതത്തിൽ നാഴികക്കല്ലാകാൻ ഒരുങ്ങുന്ന വിഴിഞ്ഞം. എ.ഡി പത്താം നൂറ്റാണ്ടിൽ ആയ് രാജ്യം ഇല്ലാതായി. തുടർന്ന് ചോളന്മാരുടെ നിയന്ത്രണത്തിലായ വിഴിഞ്ഞത്തെ അവർ 'രാജേന്ദ്രചോള പട്ടണം" എന്ന് പുനർനാമകരണം ചെയ്‌തു. നാട് ഭരിച്ച രാജരാജ ചോളന്റെ പേര് ഒപ്പം ചേർക്കുകയായിരുന്നു.

കപ്പൽ നിർമ്മാണശാലയും അന്ന് വിഴിഞ്ഞത്തുണ്ടായിരുന്നു. വിഴിഞ്ഞത്തെ പള്ളിക്കടുത്തുള്ള ഇവിടം ഇന്ന് 'കപ്പച്ചാല" എന്നാണ് അറിയപ്പെടുന്നത്. അന്ന് ദക്ഷണേന്ത്യയിൽ വാണിജ്യ കേന്ദ്രമൊരുക്കാൻ വിഴിഞ്ഞം പോലൊരു തുറമുഖം അവിഭാജ്യമായിരുന്നു. അതിനായി തമിഴ്നാട്ടിലെയും കേരളമുൾപ്പെടുന്ന പ്രദേശത്തെയും ഭരണാധികാരികൾ പല തവണ ഏറ്റുമുട്ടി. തുറമുഖത്തിനായി ഏഴാം നൂറ്റാണ്ടിൽ വിഴിഞ്ഞത്ത് ചോളപാണ്ഡ്യ യുദ്ധം നടന്നുവെന്നാണ് ചരിത്രം.

പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായിരുന്നു വിഴിഞ്ഞം. ചരിത്രപരമായ ഒരുപാട് ശേഷിപ്പുകൾ വിഴിഞ്ഞത്തുണ്ട്. അതിൽ ഒന്നാണ് പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രം. ഒറ്റശിലയിൽ നിർമ്മിച്ച ക്ഷേത്രം വിഴിഞ്ഞം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ മാറിയാണുള്ളത്. ശിലാക്ഷേത്രമെന്നും അറിയപ്പെടുന്നു. മറ്റ് ചില ശിലാക്ഷേത്രങ്ങളടക്കം സംരക്ഷിക്കാനാല്ലാതെ കിടന്നിരുന്നു. ചിലതൊക്കെ പ്രദേശവാസികൾ മുൻകൈയെടുത്ത് സംരക്ഷിക്കുന്നുണ്ട്.

 രണ്ട് ക്ഷേത്രങ്ങൾ ഏറ്റെടുത്ത് ദേവസ്വം ബോർഡ്

ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച വിഴിഞ്ഞം ഭഗവതി ക്ഷേത്രം, പിറവിളാകം ശിവക്ഷേത്രം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. വേണാട് രാജ്യം തിരുവിതാംകൂറായപ്പോഴേക്കും ഒരു തുറമുഖം നിർമ്മിക്കണമെന്ന് ആശയമുണ്ടായി. സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ നിർമ്മാണത്തിന്റ പ്രാരംഭ നടപടികകളും തുടങ്ങി. പിന്നീടുണ്ടാ രാഷ്ട്രീയ മാറ്റങ്ങൾ പദ്ധതി ഉപേക്ഷിക്കുന്നതിലെത്തിച്ചു. പലവട്ടം വിഴിഞ്ഞം തുറമുഖത്തെ പറ്റിയുള്ള ആലോചന നടന്നെങ്കിലും 2001ൽ എം.വി. രാഘവൻ തുറമുഖ മന്ത്രിയായതിനു ശേഷമാണ് വ്യക്തതയോടെ പദ്ധതിയെ സമീപിച്ചത്.

Advertisement
Advertisement