ആദ്യകപ്പലിൽ മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ആദ്യ കപ്പലായ സാൻഫെർണാണ്ടോയിലുള്ളത് മലയാളിയുൾപ്പെടെ അഞ്ച് ഇന്ത്യക്കാർ. 22 പേരാണ് കപ്പലിലുള്ളത്. പ്രജീഷ് ഗോവിന്ദരാജാണ് കപ്പലിലുള്ള മലയാളി എന്നാണ് സൂചന. മറ്റ് നാല് പേർ ഉത്തരേന്ത്യക്കാരാണ്.
ഇന്നലെ രാത്രി വൈകി പുറംകടലിലെത്തിയ കപ്പൽ ഇന്ന് രാവിലെ ആറിന് നാല് നോട്ടിക്കൽ അടുത്തെത്തിക്കും.
തുറമുഖത്തു നിന്ന് രാവിലെ 7.30ന് ഓഷ്യൻ പ്രസ്റ്റീജ് ടഗ്ഗിൽ പൈലറ്റ് തുഷാർ കനിത്കർ കപ്പലിനടുത്തെത്തും. തുടർന്ന് റഷ്യൻ സ്വദേശിയായ ക്യാപ്ടൻ വോൾഡിമർ ബോണ്ട് ആരെങ്കോയിൽ നിന്ന് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഈ സമയം തുറമുഖത്ത് തുടരുന്ന മൂന്ന് ടഗുകൾ അനുഗമിക്കും. പൈലറ്റും സഹപൈലറ്റ് ക്യാപ്ടൻ സിബി ജോർജും ചേർന്ന് ആദ്യ കപ്പലിനെ വാട്ടർ സല്യൂട്ടിന്റെ അകമ്പടിയോടെ രാവിലെ 10ന് ബെർത്തിലടുപ്പിക്കും. തുടർന്ന് മൂറിംഗ് നടക്കും. മന്ത്രിമാരായ വി.എൻ. വാസവൻ, സജിചെറിയാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കണ്ടയ്‌നർ അൺലോഡിംഗ് നടത്തി ട്രയൽ റൺ നടത്തും.
12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരണം നൽകും. മന്ത്രി വാസവന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ. അനിൽ, ഡോ. ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, അദാനി പോർട്ട്സ് സി.ഇ.ഒ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.
സുരക്ഷയ്‌ക്ക് 1500 പൊലീസുകാർ
സ്വീകരണ ചടങ്ങിന് കമ്മിഷണർ ജി. സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിൽ 1500 പൊലീസുകാരെ നിയമിക്കും. കോസ്റ്റൽ പൊലീസ് എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ 12 ബോട്ടുകളിലായി 64 പൊലീസുകാരും, കോസ്റ്റൽ വാർഡൻമാരും കടലിലും നിരീക്ഷണം നടത്തും. കടലിൽ നിശ്ചിത സ്ഥാനങ്ങളിൽ മത്സ്യബന്ധന വള്ളങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. ഇന്നലെ രാവിലെ ആറ് മണി മുതൽ കോസ്റ്റൽ പൊലീസ് കടലിൽ നിരീക്ഷണം ആരംഭിച്ചു. തുറമുഖ കമ്പനിയുടെ 150 സെക്യൂരിറ്റി ജീവനക്കാരും എട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് ജീവനക്കാരും തീരത്തുണ്ടാകും. ചടങ്ങിനുള്ള പന്തലിൽ 7000 പേർക്കുള്ള ഇരിപ്പിടങ്ങൾ തയ്യാറാക്കി.