അനായാസം അർജന്റീന

Wednesday 10 July 2024 11:20 PM IST

കാനഡയെ 2-0ത്തിന് കീഴടക്കി അർജന്റീന കോപ്പ ഫൈനലിൽ

ടൂർണമെന്റിൽ ആദ്യ ഗോൾ നേടി ലയണൽ മെസി

ന്യൂജഴ്സി : കോപ്പ അമേരിക്ക ഫുട്ബാളിന്റെ ആദ്യ സെമിഫൈനലിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കാനഡയെ കീഴടക്കി ലയണൽ മെസിയുടെ അർജന്റീന തുടർച്ചയായ രണ്ടാം വട്ടവും ഫൈനലിലേക്ക് എത്തി. 22-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസും 51-ാം മിനിട്ടിൽ ലയണൽ മെസിയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിലും ഇതേ സ്കോറിന് അർജന്റീന കാനഡയെ മറികടന്നിരുന്നു. കൊളംബിയയും ഉറുഗ്വേയും തമ്മിൽ ഇന്ന് പുലർച്ചെ 5.30 മുതൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് തിങ്കളാഴ്ച പുലർച്ചയിലെ ഫൈനലിൽ അർജന്റീന നേരിടേണ്ടത്.

കാനഡയുടെ പ്രതിരോധപ്പിഴവ് മുതലെടുത്തായിരുന്നു അർജന്റീനയുടെ രണ്ട് ഗോളുകളും.കാനഡയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസിനെ മറികടക്കാൻ കഴിഞ്ഞില്ല. ഈ കോപ്പയിലെ ആദ്യ ഗോളാണ് മെസി രണ്ടാം പകുതിയിൽ നേടിയത്. മെസി ഓഫ്സൈഡാണെന്ന് കനേഡിയൻ താരങ്ങൾ തർക്കിച്ചപ്പോൾ വാർ പരിശോധിച്ചശേഷമാണ് ഗോൾ വിധിച്ചത്.

ഗോളുകൾ ഇങ്ങനെ

1-0

22-ാം മിനിട്ട്

അൽവാരേസ്

റോഡ്രിഗോ ഡി പോളിൽ നിന്ന് ലഭിച്ച പാസുമായി മുന്നോട്ടോടിക്കയറിൽ അൽവാരേസ് കനേഡിയൻ പ്രതിരോധത്തെ പിളർന്ന് ഗോളി മാത്രം മുന്നിൽ നിൽക്കെ പെനാൽറ്റി ഏരിയയിൽ നിന്ന് വലയിലേക്ക് പന്ത‌ടിച്ചുകയറ്റുകയായിരുന്നു.

2-0

51-ാം മിനിട്ട്

ലയണൽ മെസി

ബോക്‌സിൽ നിന്ന് കനേഡിയൻ ഡിഫൻഡർ ദൂരേക്ക് അടിച്ചുകളയാൻ നോക്കിയ പന്ത് എൻസോയുടെ കാലിലെത്തി. എൻസോയുടെ ഷോട്ട് മെസിയുടെ ഫിനിഷിംഗ് ടച്ചോടെ വലയിൽ കയറി.

2

അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക ഫൈനലാണിത്. 2021 കോപ്പ അമേരിക്ക കിരീടം, 2022 ലോകകപ്പ് കിരീടം എന്നിവ കഴിഞ്ഞ് മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് നേടുന്നതിലാണ് അർജന്റീനയുടെ കണ്ണ്. ഫൈനലിൽ വിജയിച്ചാൽ കോപ്പ അമേരിക്കയിലെ തുടർച്ചയായ രണ്ടാം കിരീട ജയമായിരിക്കും.

7

ഫൈനലുകളിൽ അർജന്റീനയെ എത്തിച്ച ആദ്യ നായകനായി ലയണൽ മെസി. അന്താരാഷ്ട്ര തലത്തിൽ സമാനതകളില്ലാത്ത നേട്ടമാണിത്.

109

കോപ്പയിലെ ആദ്യ ഗോളോടെ അന്താരാഷ്ട്ര ഫുട്‌ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമായി മെസി. 108 ഗോളുകൾ നേടിയിരുന്ന മുൻ ഇറാൻ താരം അലി ദേയിയെ മറികടന്നാണ് 109 -ാം ഗോളുമായി മെസി രണ്ടാമതെത്തിയത്. 130 ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാംസ്ഥാനത്ത്. 94 ഗോളുകളുമായി ഇന്ത്യയുടെ സുനിൽ ഛെത്രി നാലാമതും 89 ഗോളോടെ മലേഷ്യയുടെ മൊഖ്താർ ദഹാരി അഞ്ചാമതുമാണ്.

Advertisement
Advertisement