അധികാരത്തിന്റെ അതിക്രമം തുറന്നുകാട്ടി സി.ബി. ഐ
തിരുവനന്തപുരം: ചാരക്കേസിലെ ഗൂഢാലോചനക്കേസ് സി.ബി.ഐ കണ്ടെത്തുമ്പോൾ അധികാരത്തിന്റെ ബലത്തിലുള്ള അതിക്രമങ്ങളുടെ മൂടുപടമാണ് അഴിയുന്നത്. കാൽനൂറ്റാണ്ടിലേറെ നീണ്ട നമ്പിനാരായണന്റെ സമാനതകളില്ലാത്ത നിയമപോരാട്ടത്തിലൂടെയാണ് കേസിലെ കള്ളക്കളികളുടെ ചുരുളഴിയുന്നത്. 1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യയില്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ സാങ്കേതികവിദ്യ നേടുംമുൻപേ റഷ്യക്ക് ഇത് സ്വന്തമായുണ്ട്. ഇതുചൂണ്ടിക്കാട്ടിയാണ് അടിസ്ഥാനമില്ലാത്തതും കേരളാ പൊലീസിന്റെ വിചിത്രഭാവനയുമാണ് ചാരക്കേസെന്ന് സുപ്രീംകോടതി വിലയിരുത്തിയത്.
ചാരക്കേസ് കെട്ടുകഥയാണെന്നും നമ്പിനാരായണൻ നിരപരാധിയാണെന്നും 1996ൽ കണ്ടെത്തിയതും സി.ബി.ഐയായിരുന്നു. പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉന്നതഉദ്യോഗസ്ഥർ പ്രതികളായ 30 വർഷം മുൻപുള്ള ഗൂഢാലോചനയാണ് സി.ബി.ഐ കണ്ടെത്തിയത്.
പൊലീസും ഐ.ബിയും ഭീഷണിപ്പെടുത്തി നമ്പിനാരായണന്റെ പേരുപറയിച്ചെന്നും കുറ്റസമ്മതം വീഡിയോയിൽ പകർത്തുമ്പോൾ നമ്പിനാരായണന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ചെന്നുമാണ് പിന്നീട് മറിയംറഷീദ വെളിപ്പെടുത്തിയത്. പതിനാലു വയസുള്ള മകൾ ജിലയെ കൺമുന്നിൽ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും ചാരവൃത്തിക്കായി മകൾ നാസിഹ മൂന്നുവട്ടമായി 25,000 ഡോളർ തനിക്ക് തന്നെന്ന കള്ളമൊഴി രേഖപ്പെടുത്തിയെന്നുമുള്ള ഫൗസിയയുടെ വെളിപ്പെടുത്തലും ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. നമ്പിനാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും ഐ.ബിയും പൊലീസും ചേർന്നാണ് അദ്ദേഹത്തിന്റെ പേര് പറയിച്ചതെന്നും കാലങ്ങൾക്കപ്പുറം സി.ബി.ഐ കസ്റ്റഡിയിലുള്ളപ്പോഴാണ് നമ്പിനാരായണനെ ആദ്യമായി കാണുന്നതെന്നുമാണ് ഫൗസിയഹസൻ വെളിപ്പെടുത്തിയത്.
ജയിൽമോചിതയായ ശേഷം പൊലീസിനും ഇന്റലിജൻസ് ബ്യൂറോയ്ക്കുമെതിരെ ഫൗസിയ കേസുകൊടുത്തിരുന്നു. മകൻ നാസിഫ് തിരുവനന്തപുരത്ത് ബിസിനസ് ആവശ്യത്തിനെത്തിയപ്പോൾ ഐ.ബി ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് കേസ് പിൻവലിക്കുന്നതായി മാലെദ്വീപിലെ ഇന്ത്യൻ എംബസിയിൽ എഴുതിനൽകുകയായിരുന്നു. മാലെദ്വീപുകാർ വഴി ബഹിരാകാശ രഹസ്യങ്ങൾ ചോർന്നതായി തനിക്ക് തോന്നലുണ്ടായെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞത്.