ചാരക്കേസ് വാർത്തകൾ ഗൂഢാലോചനയ്ക്ക് തുമ്പായി, കേസിന് 23 ദിവസം മുൻപേ വാർത്തകൾ വന്നുതുടങ്ങി

Thursday 11 July 2024 12:54 AM IST

തിരുവനന്തപുരം: ചാരക്കേസിലെ ഗൂഢാലോചന തെളിയിക്കാൻ സി.ബി.ഐയ്ക്ക് ഏറ്റവും സഹായകമായത് കേസ് രജിസ്റ്റർ ചെയ്യുന്നതിന് 23 ദിവസം മുൻപേ ചാരക്കേസ് പത്രങ്ങളിൽ തലക്കെട്ട് വാർത്തയായതാണ്. ഇൻസ്പെക്ടർ വിജയനാണ് വിവരം തന്നതെന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകർ മൊഴിനൽകിയതോടെ അന്വേഷണം വിജയനിലേക്ക് തിരിഞ്ഞു.

കുറ്റപത്രത്തിൽ വിജയന്റെ വഴിവിട്ട പ്രവൃത്തികളെക്കുറിച്ചുള്ള സാക്ഷി മൊഴികൾ സി. ബി.ഐ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ കമ്മിഷണർ എഴുതി നൽകുന്ന കേസുകളാണ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് വിജയന്റെ സഹപ്രവർത്തകനായിരുന്ന സർക്കിൾ ഇൻസ്‌പെകടർ സി. സുരേഷ് ബാബു മൊഴിനൽകി. ചാരക്കേസ് അന്വേഷിക്കാൻ അത്തരം ഒരു നിർദ്ദേശം ഇല്ലായിരുന്നു.

1994 നവംബർ 30ന് അറസ്റ്റ് ചെയ്ത നമ്പിനാരായണനെ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഗസ്റ്റ് ഹൗസിൽ വച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മർദ്ദനത്തിൽ കുഴഞ്ഞുവീണ് അവശനായ നമ്പിനാരായണനെ ചികിത്സിക്കാൻ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന് റിട്ട. എസ്.പി ബേബി ചാൾസ് മൊഴി നൽകി. ഡിവൈ.എസ്.പി ജോഷ്വാ ആണ് ഡോക്ടറെ വിളിക്കാൻ നിർദ്ദേശിച്ചത്. തിരുമല ശ്രീകൃഷ്ണ ഹോസ്പിറ്റലിലെ ഡോ. വി. സുകുമാരനാണ് പരിശോധിച്ചത്.ഗുരുതരമായ അവസ്ഥയിലാണെന്നും ഇനി മർദ്ദിച്ചാൽ മരിച്ചു പോകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. കാൽമുട്ടിന് താഴെ നീരും രക്തം കട്ടപിടിച്ച പാടുകളുമുണ്ടായിരുന്നു. രണ്ട് ദിവസമായി പോലീസ് ഉറങ്ങാനോ ഇരിക്കാനോ അനുവദിച്ചില്ലെന്ന് നമ്പിനാരായണൻ പരാതി പറഞ്ഞതായി ഡോക്ടർ മൊഴിനൽകി.

നഗ്നയാക്കി കെട്ടിയിട്ട്

കസേരയ്ക്ക് മുട്ടിലടിച്ചു

#വിജയനും എസ്.ഐ ആയിരുന്ന തമ്പി.എസ്. ദുർഗ്ഗാദത്തും ക്രൂരമായി മർദ്ദിച്ചെന്ന് ജയിലിൽ സന്ദർശിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകനോട് മറിയംറഷീദ പറഞ്ഞിരുന്നു.ഇതും മൊഴിയായി.

പൂർണ്ണ നഗ്നയാക്കി കൈകൾ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടിൽ അടിച്ചു. കസേര ഒടിഞ്ഞു പോയി.കാലുകൾ മറിയം കാട്ടിത്തന്നെന്നും ഹൃദയഭേദകമായിരുന്നു അതെന്ന് മാദ്ധ്യമപ്രവർത്തകന്റെ മൊഴിയിലുണ്ട്.

സുപ്രീം കോടതി

ഇടപെടൽ

#1994ലാണ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. നമ്പിനാരായണനെ അടക്കം പ്രതികളാക്കി. 2018ൽ നമ്പി നാരായണൻ ഇതുചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ നൽകിയ കേസിൽ 2021 ഏപ്രിൽ15ന് അനുകൂലമായ വിധിയുണ്ടായി. സുപ്രീംകോടതി നിർദ്ദേശപ്രകാരം നിയമിതമായ ജസ്റ്റിസ് ജെയിൻ കമ്മിഷനാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ശുപാർശ ചെയ്തത്. സി. ബി.ഐ ഡൽഹി യൂണിറ്റാണ് അന്വേഷിച്ചത്.

# വ്യാജതെളിവും രേഖകളും ഉണ്ടാക്കാൻ അന്യായമായ ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് വ്യാജ തെളിവ് ഉണ്ടാക്കൽ, കേസിനായി വ്യാജ രേഖകൾ ഉണ്ടാക്കൽ, കഠിനമായ ദേഹോപദ്രം ഏൽപ്പിക്കൽ, അന്യായമായി തടഞ്ഞ് വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സിബി മാത്യൂസ് അടക്കമുള്ള അഞ്ച് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്. ആദ്യ എഫ്.ഐ.ആറിൽ 18 പ്രതികളുണ്ടായിരുന്നു.

Advertisement
Advertisement