സുപ്രീംകോടതിയുടെ ചരിത്രവിധി , മുസ്ലീം സ്ത്രീകൾക്കും ജീവനാംശം അവകാശം

Thursday 11 July 2024 12:02 AM IST

സി. ആർ. പി. സി 125 ബാധകം

ജീവനാംശം ഔദാര്യമല്ല

ന്യൂഡൽഹി : മുസ്ലീം സമുദായത്തിലെ വിവാഹിതരും വിവാഹമോചിതരുമായ സ്‌ത്രീകൾക്ക് ക്രിമിനൽ നടപടിച്ചട്ടം 125 പ്രകാരം ജീവനാംശം കിട്ടാൻ

ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി.

ജീവനാംശം ഔദാര്യമല്ല. മുസ്ലീം ഉൾപ്പെടെ വിവാഹിതരായ എല്ലാ സ്ത്രീകളുടെയും അവകാശമാണത്. മുസ്ലീം സ്‌ത്രീകൾക്ക് വിവാഹമോചന ശേഷം ഭർത്താവിൽ നിന്ന് ജീവനാംശത്തിന് സി.ആർ.പി.സി 125 പ്രകാരവും മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ ) നിയമ പ്രകാരവും കോടതിയെ സമീപിക്കാം. നിയമവിരുദ്ധമായ മുത്തലാഖ് വഴി വിവാഹമോചിതരാവാൻ

നിർബന്ധിതരായ മുസ്ലീം സ്ത്രീകൾക്കും സി. ആർ. പി. സി 125പ്രകാരം ജീവനാംശത്തിന് അർഹതയുണ്ടെന്നും ജസ്റ്റിസ്‌മാരായ ബി. വി. നാഗരത്നയും അഗസ്റ്റിൻ ജോർജ് മാസിഹും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഇരുവരും വെവ്വേറെ വിധികളാണ് എഴുതിയത്. വനിതാ ജഡ്ജിയായ നാഗരത്നയുടെ വിധിയിൽ, വീട്ടമ്മ എന്ന നിലയിൽ സ്ത്രീകളുടെ പങ്കും ത്യാഗവും പുരുഷന്മാർ അംഗീകരിക്കണമെന്നതുൾപ്പെടെ ശക്തമായ പരാമർശങ്ങളുണ്ട്.

കോടതി പറഞ്ഞത്

ജീവനാംശ നിയമം മതഭേദമില്ലാതെ എല്ലാ വിവാഹിതകൾക്കും ബാധകം

മതേതര നിയമമായ സി. ആർ പി.സിയിൽ നിന്ന് മുസ്ലീം സ്‌ത്രീകളെ ഒഴിവാക്കാനാവില്ല.

മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ ) നിയമം മതേതര നിയമത്തിന് മുകളിൽ അല്ല.

സി. ആർ.പി. സി 125 പ്രകാരമുള്ള ജീവനാംശ ഹർജി കോടതിയിൽ ഇരിക്കെ, വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് മുസ്ലീം നിയമ പ്രകാരവും ജീവനാംശം തേടാം.

ഭരണഘടനാ തത്വങ്ങൾ പാലിച്ച്, സ്ത്രീകളെ ലിംഗ വിവേചനത്തിൽ നിന്ന് മോചിപ്പിക്കും

വിവാഹിതരായ സ്‌ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കും

 വിധി തെലങ്കാനയിലെ കേസിൽ

വിവാഹമോചിതയായ ഭാര്യയ്‌ക്ക് മാസം പതിനായിരം രൂപ ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് അബ്‌ദുൾ സമദ് സമർപ്പിച്ച ഹർജി തള്ളിയാണ് വിധി. മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ ) നിയമം നിലവിലിരിക്കെ, മുസ്ലീം സ്ത്രീകൾക്ക് സി. ആർ. പി.സി 125ാം വകുപ്പ് പ്രകാരം ജീവനാംശം തേടാനാവില്ലെന്നായിരുന്നു വാദം.


 സി.ആർ.പി.സി 125

ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്ക് ജീവനാംശം നൽകാനുള്ള വ്യവസ്ഥ. ഭാര്യയെന്ന നി‌ർവചനത്തിൽ വിവാഹമോചിതയായ ശേഷം പുനർവിവാഹം ചെയ്യാത്തവരും വരും.

വീട്ടമ്മാരെ അംഗീകരിക്കണം

വീട്ടമ്മമാരുടെ ത്യാഗങ്ങൾ പുരുഷന്മാർ അംഗീകരിക്കണം. ഭാര്യക്ക് സാമ്പത്തിക പിന്തുണ നൽകണം. ഇതിനായി ജോയിന്റ് അക്കൗണ്ട് തുറക്കാമെന്നും എ.ടി.എം കാർഡ് നൽകാമെന്നും കോടതി നിർദ്ദേശിച്ചു.

വിധി സ്വാഗതം ചെയ്യുന്നു. വനിതകൾക്ക് ലിംഗനീതിയും തുല്യതയും ഉറപ്പാക്കും.

--രേഖ ശർമ്മ, ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ

Advertisement
Advertisement