* ജെൻ എ.ഐ സമ്മേളനം ഇന്നു മുതൽ * പൊതുജനസേവനം മെച്ചപ്പെടുത്തൽ ചർച്ച ചെയ്യുമെന്ന് മന്ത്രി രാജീവ്

Thursday 11 July 2024 2:53 AM IST

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ഇ-ഗവേണൻസ് ഉൾപ്പെടെ സർക്കാരിന്റെ പൊതുജനസേവനം കാര്യക്ഷമമാക്കൽ കൊച്ചിയിൽ ഇന്ന് ആരംഭിക്കുന്ന ജനറേറ്റീവ് എ.ഐ സമ്മേളനം ചർച്ച ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തെ എ.ഐ ലക്ഷ്യസ്ഥാനമാക്കാനും ഇൻഡസ്ട്രി 4.0നുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാനും സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടാണ് സമ്മേളനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബോൾഗാട്ടിയിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദ്വിദിന ജെൻ എ.ഐ കോൺക്ലേവ് ഇന്നു രാവിലെ 10.15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ.വി. വേണു, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ എം.എ. യൂസഫലി, ഐ.ബി.എം സോഫ്റ്റ്‌വെയർ പ്രൊഡക്ട്‌സ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ തുടങ്ങിയവർ പങ്കെടുക്കും.

ഐ.ബി.എമ്മുമായി ചേർന്ന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.എസ്‌.ഐ.ഡി.സി) കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
രണ്ടായിരം പ്രതിനിധികൾ പങ്കെടുക്കുന്ന കോൺക്ലേവിൽ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സംവേദനാത്മക സെഷനുകൾ എന്നിവയുണ്ടാകും. മന്ത്രിമാർ, ഐ.ബി.എം അംഗങ്ങൾ, ഇൻഡസ്ട്രിയൽ ടെക്‌നോളജി രംഗത്തെ പ്രമുഖർ തുടങ്ങിയവർ കാഴ്ചപ്പാടുകൾ പങ്കിടും. സമാപന സമ്മേളനത്തിൽ ദിനേശ് നിർമ്മൽ, കെ.എസ്‌.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ അവലോകനം നടത്തും.

Advertisement
Advertisement