സൈബർ പണം തട്ടിപ്പ്: നിർദ്ദേശങ്ങളുമായി പൊലീസ്

Thursday 11 July 2024 12:55 AM IST

കൊല്ലം: ഓൺലൈൻ പണം തട്ടിപ്പ് വ്യാപകമായതോടെ കൊല്ലം റൂറൽ പൊലീസ് പൊതുജനങ്ങൾക്കായി മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി. സൈബർ വോളണ്ടി​യർമാർ മുഖേനയും സോഷ്യൽ മീഡിയ വഴിയും പരമാവധി ആളുകളി​ലേക്ക് എത്തി​ക്കും.

വേണം ജാഗ്രത

 ഷെയർ മാർക്കറ്റുകളിൽ തുക നിക്ഷേപിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട സ്ഥാപനം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക

 വിദേശത്തേക്ക് അയയ്ക്കുന്ന പാഴ്സലുകളിൽ മയക്കുമരുന്നു പോലുള്ള വസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തലത്തിലുള്ള ഫോൺ കോളുകളിൽ പ്രതികരിക്കരുത്, വിഷയം സൈബർ വിഭാഗത്തെ അറിയിക്കുക

 രാജ്യദ്രോഹ കുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മൊബൈൽ ഫോൺ ഉടമസ്ഥരെ പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ വിളിച്ച് കേസിൽ നിന്ന് രക്ഷപ്പെടുത്താൻ പണം ആവശ്യപ്പെടില്ലെന്നത് മനസിലാക്കുക

 ലോൺ നൽകാമെന്ന് പറയുന്ന സ്ഥാപനത്തിന്റെ നിയമസാധുത പരിശോധിക്കാതെ വ്യക്തിഗത, സാമ്പത്തിക വിശദാംശങ്ങൾ കൈമാറരുത്. ലോൺ ആപ്ളിക്കേഷനുകൾ വഴി വായ്പ എടുക്കരുത്

 ടീം വ്യൂവർ, എനി ഡെസ്ക് തുടങ്ങിയ ആപ്ളിക്കേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുമ്പോൾ പണം ഇടപാട് കമ്പ്യൂട്ട‌ർ വഴി നടത്തരുത്

 കസ്റ്റമർ സർവീസ് ആവശ്യമുള്ളപ്പോൾ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നുമാത്രം കസ്റ്റമർ കെയർ നമ്പർ തിരഞ്ഞെടുക്കുക

 ഓൺലൈനിൽ മാത്രം കണ്ടുമുട്ടിയ ആൾക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ പണം കൈമാറുകയോ ചെയ്യരുത്

 ഇ മെയിലുകൾ, സന്ദേശങ്ങൾ, ഫോൺ കോളുകൾ, മറ്റ് സോഷ്യൽ മീഡിയകൾ വഴി നമ്മൾ ആവശ്യപ്പെടാതെ മികച്ച ഓഫറുകൾ നൽകുകയാണെങ്കിൽ അവരോട് പ്രതികരിക്കരുത്

 സൈബർ തട്ടിപ്പിന് ഇരയായാൽ വൈകാതെ 1930ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം. പണം ട്രാൻസ്ഫർ നടക്കുന്ന എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ ഇത് ഉപകരിക്കും

 ഷെയർ മാർക്കറ്റിലേക്ക് പണം നിക്ഷേപിക്കുന്നതിനുവേണ്ടി മറ്റാരുടെയും അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തുകൊടുക്കേണ്ട സാഹചര്യം രാജ്യത്ത് നിലവിൽ ഇല്ല

Advertisement
Advertisement