മഴയും കാലാവസ്ഥാ വ്യതിയാനവും മാത്രമല്ല,​ ക‌ർഷകർക്ക് വെല്ലുവിളി ഉയർത്തി പുതിയ ശത്രു രംഗത്ത്

Thursday 11 July 2024 1:19 AM IST

തൃശൂർ: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലം നെല്ല് അടക്കമുള്ള വിളകൾ കുറയുമ്പോൾ ശൽക്കകീടങ്ങളുടെ ആക്രമണവും കർഷകർക്ക് കണ്ണീരാകുന്നു. പൂന്തോട്ടങ്ങളിലും നഴ്‌സറികളിലും വരെ കീടാക്രമണമുണ്ട്. ഈന്തുകളിൽ അടുത്തിടെയായി വ്യാപിച്ച ഔലാകാസ്പിസ് മഡിയുനെൻസിസ് എന്ന ശൽക്കകീടത്തിന്റെ ആക്രമണമാണ് മറ്റ് വിളകൾക്കും വെല്ലുവിളിയാകുന്നത്. ഈ കീടങ്ങൾ കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഇടയ്ക്കിടെ ഈന്തു പനകൾ പരിശോധിക്കാനും ആക്രമണത്തിന്റെ പ്രാരംഭഘട്ടത്തിലേ നിയന്ത്രണ നടപടികൾ സ്വീകരിക്കാനുമാണ് മുന്നറിയിപ്പ്.

വടക്കൻ കേരളത്തിൽ കൂടുതലായി കാണുന്ന വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക സസ്യമായ ഈന്ത് പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ്. വെള്ള നിറത്തിലും (ആൺ) ചാര നിറത്തിലും (പെൺ) കാണപ്പെടുന്ന ശൽക്കകീടങ്ങളാണ് ഈന്തിനെ ആക്രമിക്കുന്നത്. തുടക്കത്തിൽ ഓലയുടെ ഇരുവശത്തും തണ്ടിലുമാണ് കാണപ്പെടുന്നത്. പിന്നീട് അവ പെറ്റുപെരുകി പൂങ്കുലയിലേക്കും കായ്കളുടെ പ്രതലത്തിലേക്കും പടരും. രൂക്ഷമായ സാഹചര്യത്തിൽ കീടങ്ങൾ പനയുടെ തടിയിൽ കൂടിയിരുന്നു മരത്തിനെ മുഴുവനായി മൂടുന്ന തരത്തിൽ കാണപ്പെടുമെന്നും കാർഷിക സർവകലാശാലാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിയന്ത്രിക്കാം

തീവ്രമായി കീടബാധയുള്ള ഈന്തുകളിൽ ശൽക്കകീടങ്ങൾ മൂടിയിരിക്കുന്ന തണ്ടുകൾ, ഓലകൾ എന്നിവ മുറിച്ചു മാറ്റി കത്തിച്ചുകളയണം. ശൽക്കകീടങ്ങൾ വളരുന്നതോടൊപ്പം മെഴുകാവരണം രൂപപ്പെടുന്നതിനാൽ, മുട്ട വിരിഞ്ഞ് ആദ്യഘട്ട കുഞ്ഞുങ്ങൾ പുറത്തിറങ്ങുമ്പോഴാണ് ഫലപ്രദമായി നിയന്ത്രിക്കാനാകുക. വേപ്പെണ്ണ എമൽഷൻ (2%) , അസാഡിറാക്ടിൻ 0.5% (ലിറ്ററിന് 5 മില്ലി), അസാഡിറാക്ടിൻ 1% (ലിറ്ററിന് 3 മില്ലി), ഹോർട്ടികൾച്ചറൽ മിനറൽ ഓയിൽ (2.5%) ഇവയേതെങ്കിലും തളിച്ച് ഇവയെ നിയന്ത്രിക്കാം.

കാറ്റുവഴിയാണ് കീടങ്ങൾ വ്യാപിക്കുന്നതെന്നതിനാൽ എല്ലാ പ്രദേശങ്ങളിൽ ഒരേസമയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടി വരുമെന്നും പറയുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം കീടങ്ങളുടെ ശല്യം ജില്ലയിലെ നെൽപ്പാടങ്ങളിലും ഗുരുതരമായി ബാധിച്ചിരുന്നു.

ലക്ഷണങ്ങൾ

  • ചെടിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ഓലകളും കായ്കളും ഉണങ്ങിപ്പോകും.
  • തീവ്രമായ ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ മരങ്ങൾ പൂർണമായി ഉണങ്ങി നശിക്കും.
  • ഈ ലക്ഷണങ്ങൾ ശൽക്കകീടങ്ങളുടെ ബാധ മൂലമാണെന്നു തുടക്കത്തിൽ തെറ്റിദ്ധരിക്കപ്പെടും.
  • സൂക്ഷ്മപരിശോധനയിൽ, ഈന്തുകളുടെ ഇലകൾ, ഞെട്ട്, തണ്ട്, കായകളുടെ പ്രതലം എന്നിവയിൽ പൊതിയും
Advertisement
Advertisement