കോടതി ഫീസിലും നികുതിയിലും അടക്കം ബഡ്ജറ്റ് ഇളവുകൾ

Thursday 11 July 2024 1:35 AM IST

തിരുവനന്തപുരം: കുടുംബകോടതികളിൽ കേസ് നടത്താൻ

നിശ്ചിത ശതമാനം ഫീസ് കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇനി മുതൽ കുറഞ്ഞ നിശ്ചിത തുക കെട്ടിവച്ചാൽ മതിയാകും.

പുരപ്പുറ സോളറിന് ഏർപ്പെടുത്തിയ നികുതിവർദ്ധനയും ഒഴിവാക്കി. ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയ ധനകാര്യബില്ലിന് നിയമസഭ ഇന്നലെ അംഗീകാരം നൽകി.

നികുതിക്ക് ആംനസ്റ്റി ആനുകൂല്യവും മോട്ടോർ വാഹന നികുതി പരിഷ്ക്കരണത്തിന് സാങ്കേതിക പരിഷ്ക്കാരവും വരുത്തിയ ബില്ലാണ് സഭ പരിഗണിച്ചത് .

ജനങ്ങളുടെ താൽപര്യം പരിഗണിച്ചാണ് മാറ്റമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

കുടുംബകോടതി കേസ് ഫയൽ ചെയ്യാൻ കുറഞ്ഞനിരക്ക് 50 രൂപയിൽ നിന്ന് 200രൂപയാക്കി വർദ്ധിപ്പിച്ചത് പിൻവലിച്ചിട്ടില്ല. അതേസമയം അഞ്ചു ലക്ഷം മുതൽ 20 ലക്ഷംരൂപവരെ മൂല്യമുള്ള കേസിന് രണ്ട് ശതമാനം തുക എന്നത് മാറ്റി 500 രൂപയാക്കി. 20 മുതൽ 50ലക്ഷം വരെ 1000രൂപയും 50 ലക്ഷം മുതൽ ഒരുകോടിവരെ 2000രൂപയും അതിന് മുകളിൽ 5000രൂപയുമാണ് പുതിയ നിരക്ക്.

ചെക്കു കേസുകളിൽ 50000 രൂപയ്ക്കു വരെ 250രൂപയാണ്. രണ്ടുലക്ഷംവരെ 500രൂപയും അഞ്ചു ലക്ഷം വരെ 750രൂപയും നൽകണം. പത്തുലക്ഷം വരെ 1000 രൂപയും 20 ലക്ഷം വരെ 2000 രൂപയും 50 ലക്ഷം വരെ 5000 രൂപയും അതിന് മുകളിൽ 10000 രൂപയുമാണ് പുതിയ നിരക്ക്.

പുരപ്പുറസോളാർ വൈദ്യുതിക്ക് ജനറേഷൻ നികുതി 1.2 പൈസയിൽ നിന്ന് യൂണിറ്റിന് 15 പൈസയാക്കിയ നടപടി പിൻവലിച്ചു.

ജി.എസ്.ടി. നടപ്പാക്കുന്നതിന് മുമ്പുള്ള നികുതി കുടിശികകളിൽ കുടിശികക്കാർ മരിച്ചതും സ്ഥാപനങ്ങൾ പൂട്ടിപ്പോയതുമായ നിരവധികാര്യങ്ങളുണ്ട്. 50000 രൂപവരെ കുടിശികയുള്ള 22667 പേരുടെ കുടിശിക എഴുതിതള്ളും. അൻപതിനായിരം മുതൽ ഒരുലക്ഷംവരെയുള്ള കുടിശികയുള്ള 21436 പേർക്ക് കുടിശികയുടെ 30% അടച്ചാൽ ബാക്കി എഴുതിതള്ളും. പത്തുലക്ഷം രൂപവരെ കുടിശികയുള്ളവരിൽ കേസിന് പോകാത്തവർ 50%, പോയവർ 40% അടച്ചാലും അതിന് മുകളിൽ കുടിശികയുള്ളവരിൽ കേസിന് പോയവർ 70%ഉം, മറ്റുള്ളവർ 80%വും അടച്ചാൽ ബാധ്യത ഒഴിവാക്കും.

Advertisement
Advertisement