@ ചിക്കനും മട്ടനും ഔട്ട് മലായാളികൾക്ക് ബീഫും പോർക്കും മതി

Thursday 11 July 2024 1:42 AM IST

കൊച്ചി: ബിരിയാണി എന്നു കേട്ടാൽ ആദ്യം മലയാളികൾ ചോദിക്കുന്നത് 'മട്ടനോ ചിക്കനോ?". എന്നാൽ അത് മാറിയെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. മലയാളികൾ ഇപ്പോൾ കൂടുതലായി കഴിക്കുന്നത് ബീഫും പോർക്കുമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേരളത്തിൽ ഒരു വർഷത്തിനിടെ 28 ലക്ഷം കന്നുകാലികളെയും രണ്ടു ലക്ഷം പോർക്കിനെയും മാംസാവശ്യത്തിനായി കശാപ്പുചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ആടിന്റെയും കോഴിയുടെ വില്പന കുറഞ്ഞു.

2018ൽ 11.9കോടി ബ്രോയ്ലർ കോഴികളെ അകത്താക്കിയ മലയാളി 2020-21ൽ ഉപയോഗിച്ചത് 10.7 കോടിയാണ്. ഇറച്ചിക്കുവേണ്ടി കശാപ്പുചെയ്ത ആടുകളുടെ എണ്ണം 17ലക്ഷത്തിൽ നിന്ന് 11.5 ലക്ഷമായി.

2018ൽ 21 ലക്ഷം കന്നുകാലികളെ (പശു,കാള,എരുമ,പോത്ത്) കശാപ്പു ചെയ്തപ്പോൾ 2020-21ൽ അത് 28.3ലക്ഷമായി ഉയർന്നു. പോർക്കിന്റെ എണ്ണം 98000ൽ നിന്ന് രണ്ടു ലക്ഷമായി.

അതേസമയം, പക്ഷിപ്പനിയും ഇറച്ചിയുടെ വിലവർദ്ധനയുമാണ് ആടും കോഴിയും വേണ്ടെന്ന് വയ്‌ക്കാൻ കാരണമെന്നും വ്യാപാരികൾ പറയുന്നു.

വർദ്ധന

ബീഫ് - 60%

പോർക്ക് - 100%

2.7ലക്ഷം

ടൺ ബീഫ്

ബീഫ് ഉപയോഗത്തിൽ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. മലയാളികൾ ഒരുവർഷം ശരാശരി 2.7ലക്ഷം ടൺ ബീഫ് അകത്താക്കുമ്പോൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 51,000 ടണ്ണും കർണാടകയിൽ 12,000 ടണ്ണുമാണ് ഉപഭോഗം.

Advertisement
Advertisement