ആകാശ് തില്ലങ്കേരിക്ക് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

Thursday 11 July 2024 1:45 AM IST

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർ.ടി.ഒ, സബ് ആർ.ടി.ഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് പരിശോധിച്ചു വരികയാണ്. ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമയ്ക്കെതിരേ എം.വി.ഡി നടപടിയെടുത്തിരുന്നു. ഒൻപത് കുറ്റങ്ങളാണ് എം.വി.ഡി ചുമത്തിയത്. 45,000 രൂപ പിഴയും വിധിച്ചിരുന്നു. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടുനൽകിയെന്ന കേസ് ഉടമയ്ക്കെതിരെ എടുത്തിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. വാഹനം മലപ്പുറം മൊറയൂർ സ്വദേശിയുടേതാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. നേരത്തേയും നിയമ ലംഘനങ്ങൾക്ക് പിടിയിലായ വാഹനമാണിത്‌.