കുറുക്കൻമാരെക്കൊണ്ട് വലഞ്ഞ് താനൂർ മേഖല

Thursday 11 July 2024 1:49 AM IST

താനൂർ: താനൂരിലെ ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ചില മേഖലകളിൽ കുറുക്കന്റെ പരാക്രമം വർദ്ധിക്കുന്നു. ഏതാനും ദിവസം മുമ്പ് ഒഴൂരിൽ കുറുക്കന്റെ കടിയേറ്റ് രണ്ട് പേർ ചികിത്സ തേടിയിരുന്നു. ഒഴൂർ പഞ്ചായത്തിൽ കുറുക്കന്റെ പരാക്രമം തുടർക്കഥയായി. ഞായറാഴ്ച ഏഴു വയസുകാരിയായ വിദ്യാർത്ഥിനിയെ കടിച്ച് പരിക്കേൽപ്പിച്ചതിന് പുറമേ ഇന്നലെ മറ്റു രണ്ടുപേർ കൂടി കുറുക്കന്റെ ആക്രമണത്തിന് വിധേയരായി. ഒഴൂർ മൂന്നാം വാർഡ് തലക്കെട്ടൂരിൽ കള്ളിയത്ത് സഹീദിന്റെ ഭാര്യ ഫസീലയെയും(30) ഓണക്കാട് പ്രദേശത്തെ മറ്റൊരാളെയുമാണ് കുറുക്കൻ ആക്രമിച്ചത്. ഫസീലയെ തിരൂരങ്ങാടി ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച ഒഴൂർ കതിർകുളങ്ങര പൊടിയേങ്ങൾ അബ്ദുൽ മജീദിന്റെ മകൾ ഫാത്തിമ നഹ്‌ലയെ കുറുക്കൻ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചിരുന്നു. ഫാത്തിമ നഹ്ല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം അയ്യായ ഇല്ലത്തപ്പടി പ്രദേശത്ത് ഒരാളെ കുറുക്കൻ അക്രമിക്കാൻ ശ്രമിച്ചെങ്കിലും ആട്ടിയോടിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. ഒഴൂർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യം രൂക്ഷമായിട്ടുണ്ട്.

ആദ്യമൊക്കെ രാത്രികാലങ്ങളിലാണ് കുറുക്കൻമാർ ഇറങ്ങി നടക്കാറെങ്കിലും ഇപ്പോൾ പകൽ സമയത്തുപോലും കൂട്ടമായി കുറുക്കന്മാർ വിഹരിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അതിരാവിലെ പള്ളികളിൽ നിസ്കരിക്കാൻ പോകുന്നവർക്കും മദ്രസാ പഠനത്തിനായി പോകുന്ന പിഞ്ചു കുഞ്ഞുങ്ങൾക്കും ജോലിക്കും മറ്റും പോകുന്ന സ്ത്രീകൾക്കും നായകളുടെ ശല്യത്തിന് പുറമേ കുറുക്കൻന്മാരുടെ ശല്യവും ഭയവും നേരിടേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.

Advertisement
Advertisement