ക്ഷാമം പരിഹരിക്കാൻ മൂല്യം കൂട്ടിയ അഞ്ചുലക്ഷം മുദ്രപ്പത്രങ്ങൾ

Thursday 11 July 2024 1:52 AM IST

തിരുവനന്തപുരം: മുദ്രപ്പത്ര ക്ഷാമം പരിഹരിക്കുന്നതിനായി 50 രൂപയുടെ അഞ്ചുലക്ഷം മുദ്രപ്പത്രങ്ങൾ മൂല്യം കൂട്ടി (റീവാലിഡേറ്റ്) ട്രഷറികളിലെത്തിക്കും. വിവിധ ട്രഷറി സ്റ്റാമ്പ് ഡിപ്പോകളിലായി 50 രൂപയുടെ എട്ടുലക്ഷത്തോളം മുദ്രപ്പത്രങ്ങൾ സ്റ്രോക്കുള്ളതിൽ നിന്നാണ് ഏറ്റവും ക്ഷാമമുള്ള ജില്ലകളിലെത്തിക്കുക.

ഏറ്റവുമധികം ആവശ്യമുള്ള 100,200 രൂപയുടെ മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമമുള്ളത്. ഇ സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി നാസിക്കിലെ പ്രസിൽ നിന്ന് ഇപ്പോൾ ഇത്തരം പത്രങ്ങൾ വാങ്ങുന്നില്ല. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സ്റ്റോക്കുള്ള 5,7,10,20 തുകയുടെ പത്രങ്ങൾ മൂല്യം കൂട്ടി നൽകാൻ നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നു. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിലെ ജൂനിയർ സൂപ്രണ്ടുമാരും 12 ട്രഷറി സ്റ്രാമ്പ് ഡിപ്പോകളിലെ സ്റ്രാമ്പ് ഡിപ്പോ ഓഫീസർമാരുമാണ് ഇത്തരം പത്രങ്ങൾ ഒപ്പിടേണ്ടത്. അസിസ്റ്രന്റ് ട്രഷറി ഓഫീസർമാർക്കും ഇതിനുള്ള അധികാരം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ മൂല്യം കൂട്ടൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനിടെ ഒരുലക്ഷം വരെയുള്ള രജിസ്ട്രേഷന് ഇ സ്റ്റാമ്പിംഗ് ഏർപ്പെടുത്താനുള്ള നടപടികളും പൂർത്തിയാകുകയാണ്. വെണ്ടർമാരുടെ ഡിസ്‌കൗണ്ട് കൂടി സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത് നടപ്പായാൽ ക്രമേണ ഇ സ്റ്റാമ്പിംഗിലേക്ക് മാറും.

Advertisement
Advertisement