അഹങ്കാരത്തിന് കൈയും കാലും വച്ചാൽ

Thursday 11 July 2024 1:53 AM IST

അഹങ്കാരത്തിന് കൈയ്യും കാലും ഒരു വയറും കൂടി വച്ചാൽ ആരാവും? കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായത്തിൽ അത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്.

ഉപധനാഭ്യർത്ഥന ചർച്ച തുടങ്ങി വച്ച കടകംപള്ളിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചേഷ്ടകളൊന്നും അത്രയ്ക്ക് പിടിക്കുന്നില്ല. തന്റെ ഇഷ്ടക്കേട് കടകംപള്ളി തുറന്നു പറയുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ആംഗ്യങ്ങളും പരമപുച്ഛവും മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമൊക്കെ സംസാരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ചലനങ്ങളുമെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച കടകംപള്ളിക്ക് തോന്നിയത് അഹങ്കാരഭാവമെന്നാണ്. സർവ്വജ്ഞപീഠം കയറിയെന്ന മട്ടും ഭാവവുമൊക്കെയാണ്. ശങ്കരാചാര്യർ കഴിഞ്ഞാൽ പിന്നെ താൻ മാത്രം എന്ന മട്ടിലാണ് പ്രതിപക്ഷ നേതാവിന്റെ നടപ്പ്. ഇത്രയുമൊക്കെ പറഞ്ഞപ്പോൾ പ്രതിപക്ഷത്തു നിന്നും ചില പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നു. അപ്പോഴാണ് കടംപള്ളിയുടെ ദേഷ്യത്തിന്റെ കാര്യം പുറത്തായത്, 'മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞാൽ ഞങ്ങൾക്കും ദേഷ്യം വരും.'കടകംപള്ളി പ്രതിപക്ഷത്തെ നോക്കി പറഞ്ഞു.

പക്ഷെ പിന്നാലെ സംസിരിച്ച കോൺഗ്രസ് അംഗം ഐ.സി ബാലകൃഷ്ണന് കടകംപള്ളിയുടെ വാക്കുകൾ അത്ര ദഹിച്ചില്ല. പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയുടെ ശകാരം കേട്ട കടകംപള്ളി , അദ്ദേഹത്തിന്റെ ഗുഡ്ബുക്കിൽ കയറിപ്പറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നായി ബാലകൃഷ്ണൻ.മുഖ്യമന്ത്രി ചട്ടം 300 പ്രകാരം സഭയിൽ നടത്തിയ പ്രസ്താവനയെ പിടിച്ചാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ചയിൽ പങ്കെടുത്തത്. പ്രസ്താവന കൊണ്ട് യാതൊന്നും നടക്കാൻ പോകുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഒരു പ്രസ്താവന കൂടി കേട്ട് സായൂജ്യമടയാമെന്ന് മാത്രം. ഒത്തിരി ആനുകൂല്യങ്ങളുടെ കാര്യമൊക്കെ പറയുന്നുണ്ടെങ്കിലും അതെല്ലാം എവിടെ നിന്നെടുത്തു കൊടുക്കും എന്നുമാത്രം പറയാത്തതിലെ കൗശലമാണ് അദ്ദേഹം കണ്ടുപിടിച്ചത്.

'സത്യം ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിവരും 'എന്ന വചനവുമായി സി.പി.എം അംഗം പി.പി ചിത്തരഞ്ജൻ സംസാരിച്ചു തുടങ്ങിയപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും അന്ധാളിച്ചു , ഇതെന്തിനുള്ള പുറപ്പാടാണെന്ന്. പ്രതിപക്ഷം നടത്തുന്ന നുണപ്രചാരണങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് സ്ഥാപിക്കാനാണ് ചിത്തൻ എടുത്താൽ പൊങ്ങാത്ത ഈ വാചകം അങ്ങു പ്രയോഗിച്ചത്. ശൂന്യതയിൽ നിന്ന് ഭസ്മം സൃഷ്ടിക്കുന്ന ആൾ ദൈവങ്ങളുടെ മെയ് വഴക്കത്തോടെ മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ വിഴുങ്ങുന്ന ജോലിയാണ് പ്രതിപക്ഷത്തിനെന്നും ചിത്തൻ പരിഹസിച്ചു.

മുഖ്യമന്ത്രി നല്ല മദ്ധ്യസ്ഥനാണെന്നാണ് ലീഗ് അംഗം പി.കെ.ബഷീറിന്റെ പക്ഷം. എല്ലാം കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.നാലുവർഷ ഡിഗ്രി നടപ്പാക്കാൻ പോകുന്ന നിങ്ങൾ വല്ലതും പഠിച്ചോ എന്ന ബഷീറിന്റെ ചോദ്യത്തിൽ ഭരണപക്ഷ അംഗങ്ങളെയും ചിരിപ്പിച്ചു.

Advertisement
Advertisement