മന്ത്രി വീണയ്ക്ക് സംസാരിക്കാൻ അനുമതിയില്ല (ഡെക്ക്) സ്പീക്കർക്കെതിരെ തിരിഞ്ഞ് ഭരണപക്ഷം

Thursday 11 July 2024 2:02 AM IST

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിൻമേൽ മന്ത്രി വീണാ ജോർജിന് മൂന്നാമതും മറുപടി പറയാൻ അവസരം നൽകാതിരുന്നതിന് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ തിരിഞ്ഞ് ഭരണപക്ഷം. വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രിയെ അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മൂന്നാമതും മറുപടി പറയാൻ വീണാ ജോർജ് എഴുന്നേറ്റത്. വിശദമറുപടിക്ക് അവസരം നൽകാതിരുന്നതോടെ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, പി. രാജീവ്. ആർ. ബിന്ദു എന്നിവരടക്കം സി.പി.എം അംഗങ്ങൾ എഴുന്നേറ്റ് സ്പീക്കർക്കെതിരെ ബഹളംവച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു പീഡനത്തിൽ ഇരയ്ക്കൊപ്പം നിന്ന നഴ്സിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയതിലും കാപ്പ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിച്ചതിലുമാണ് മന്ത്രി വീണയെ സതീശൻ രൂക്ഷമായി വിമർശിച്ചത്. പ്രസംഗത്തിനിടെ മറുപടി പറയാൻ മന്ത്രി എഴുന്നേറ്റെങ്കിലും സതീശൻ വഴങ്ങിയില്ല. വാക്കൗട്ട് പ്രസംഗശേഷം മന്ത്രിക്ക് സംസാരിക്കാൻ സ്പീക്കർ അവസരം നൽകിയെങ്കിലും വിശദമായ പ്രസംഗമാണ് വീണ തുടങ്ങിയത്. ഇതോടെ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റു കക്ഷിനേതാക്കളും പ്രതിപക്ഷത്തിന്റെ സമയമാണ് വീണയ്ക്ക് നൽകിയതെന്നാരോപിച്ച് ബഹളംവച്ചു. തുടർന്ന് വീണയുടെ മൈക്ക് ഓഫാക്കി. മറുപടി പറയാൻ ചട്ടമുണ്ടെന്ന് മന്ത്രി പറഞ്ഞപ്പോൾ, ചട്ടപ്രകാരം എഴുതിനൽകാനായിരുന്നു സ്പീക്കറുടെ നിർദ്ദേശം. ഇതോടെ മന്ത്രിമാരടക്കമുള്ളവർ സ്പീക്കർക്കെതിരെ തിരിഞ്ഞു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ പ്രസംഗത്തിനുശേഷമാണ് പിന്നീട് മന്ത്രിക്കു സംസാരിക്കാൻ അവസരം നൽകിയത്. ഇതോടെ ഭരണപക്ഷ പ്രതിഷേധം അവസാനിച്ചു. ആദ്യ രണ്ട് അവസരങ്ങളിലും 25 മിനിറ്റോളമെടുത്തായിരുന്നു മന്ത്രിയുടെ മറുപടി.

Advertisement
Advertisement