ഇ.എസ്.ഐ, ഇ.പി.എഫ് പരിധി വർദ്ധിപ്പിക്കണം: ബി.എം.എസ്

Thursday 11 July 2024 2:12 AM IST

ന്യൂഡൽഹി: വരുമാന വർദ്ധന,വിലക്കയറ്റം എന്നിവയ്‌ക്ക് അനുസൃതമായി ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയും കുറഞ്ഞ പെൻഷൻ തുകയും വർദ്ധിപ്പിക്കണമെന്ന് ബി.എം.എസ്. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യവുമായുള്ള കൂടിക്കാഴ്‌ചയിലാണ് ബി.എം.എസ് അഖിലേന്ത്യാ ഭാരവാഹികളടങ്ങിയ സംഘം ആവശ്യമുന്നയിച്ചത്.

വരുമാന വർദ്ധന കണക്കിലെടുക്കുമ്പോൾ ഇ.പി.എഫ്, ഇ.എസ്.ഐ പരിധി വളരെ കുറവാണ്. കുറഞ്ഞ പെൻഷൻ വി.ഡി.എയ്‌ക്കൊപ്പം ആയിരം രൂപ മുതൽ 5000 രൂപ വരെ വർദ്ധിപ്പിച്ച് ആയുഷ്മാൻ ഭാരത് യോജനയുമായി ബന്ധിപ്പിക്കണം. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച വേതനം, സാമൂഹ്യ സുരക്ഷ എന്നിവ സംബന്ധിച്ച കോഡ് ഉടൻ നടപ്പാക്കണം. ജീവനക്കാരുടെ സംസ്ഥാന ഇൻഷുറൻസ് പദ്ധതി, ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, എംപാനൽ ചെയ്ത ആശുപത്രികൾ വഴി ആരോഗ്യ ആനുകൂല്യങ്ങൾ നൽകൽ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ബി.എം.എസ് ദേശീയ പ്രസിഡന്റ് ഹിരൺമയ് പാണ്ഡ്യ, ജനറൽ സെക്രട്ടറി രവീന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്.