കൊക്കോ തോട്ടത്തിൽ നിന്ന് കിട്ടിയ മുട്ടകൾ കൊണ്ടുവന്ന് അടവച്ചു; പുറത്തെത്തിയത് പതിനാറ് രാജവെമ്പാല കുഞ്ഞുങ്ങൾ

Thursday 11 July 2024 12:39 PM IST

തളിപ്പറമ്പ്: കൃത്രിമ സാഹചര്യത്തിൽ അടവച്ച 31 രാജവെമ്പാല മുട്ടകളിൽ പതിനാറെണ്ണം വിരിഞ്ഞു. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ അനിമൽ റസ്ക്യുവറുമായ ഷാജി ബക്കളത്തിന്റെ സംരക്ഷണയിലാണ് രാജവെമ്പാല മുട്ടകൾ വിരിഞ്ഞത് .ഒരാഴ്‌ചയ്‌ക്ക് ശേഷം പാമ്പിൻ കുഞ്ഞുങ്ങളെ ആവാസ വ്യവസ്ഥയിൽ തുറന്നുവിടും

കുടിയാൻമല കനകക്കുന്നിൽ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തിൽ രാജവെമ്പാല ഉള്ള വിവരം കരുവഞ്ചാൽ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.മധുവാണ് അറിയിച്ചത് . ഫോറസ്റ്റ് ബീറ്റ് ഓഫീസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തിയ ഷാജി നടത്തിയ പരിശോധനയിലാണ് മുട്ടകൾ കണ്ടെത്തിയത്. ഇതിനിടയിൽ രാജവെമ്പാല തോട്ടിലേക്ക് ഇറങ്ങിപ്പോയിരുന്നു. കണ്ടെത്തിയ സ്ഥലത്ത് തന്നെ മുട്ടകൾ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തിൽ റേഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം കടമ്പേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.

പ്ലാസ്റ്റിക്ക് കൊട്ടയിൽ ഉണങ്ങിയ മുളയുടെ ഇലകൾ വിരിച്ചാണ് മുട്ടകൾ അടവച്ചത്. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരുന്നതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുകയായിരുന്നു.

അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ്, ഉടുമ്പ്, ചേര, മയിൽ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. രണ്ട് വർഷം മുമ്പ് കൊട്ടിയൂരിലെ രണ്ടു സ്ഥലങ്ങളിൽ രാജവെമ്പാല മുട്ടകൾ കണ്ടെത്തിയ സ്ഥലത്തു തന്നെ വിരിയിച്ചിരുന്നു. ഇതാദ്യമായാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൃത്രിമ സാഹചര്യത്തിൽ മുട്ട വിരിയിച്ചത്.