നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജു ടെക്കി സർക്കാർ സ്‌കൂൾ ചടങ്ങിൽ മുഖ്യാതിഥി, ഇൻഫ്ളൂവൻസറെന്ന് വിശേഷണം

Thursday 11 July 2024 12:57 PM IST

ആലപ്പുഴ: റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കി സർക്കാർ സ്‌കൂളിലെ ചടങ്ങിന് മുഖ്യാതിഥി. സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ. മണ്ണഞ്ചേരി ജിഎച്ച്എസിലെ സ്റ്റുഡന്റ് മാഗസീൻ പ്രകാശനത്തിനാണ് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ എന്ന വിശേഷണത്തോടെ സഞ്ജു ടെക്കിയെ മുഖ്യാതിഥിയാക്കിയത്. പരിപാടിയുടെ നോട്ടീസിലും പോസ്റ്ററിലും സഞ്ജുവിന്റെ പേര് നൽകിയിട്ടുണ്ട്. ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചതിനെത്തുടർന്ന് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് അടുത്തിടെയാണ് എംവിഡി റദ്ദാക്കിയത്.

ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഗുരുതരപരാമാർശങ്ങളാണ് എംവിഡി നടത്തിയത്. സഞ്ജു സ്ഥിരം കുറ്റക്കാരനാണെന്നും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്നും പറയുന്നുണ്ട്. ഇയാൾ വാഹനമോടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും പൊതുസമൂഹത്തിലെ എല്ലാ മര്യാദകളും ലംഘിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

കാറിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് യാത്ര ചെയ്തത് അറിവില്ലായ്മ കൊണ്ടാണെന്നും വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിന് സഞ്ജു വിശദീകരണം നൽകിയിരുന്നു. കൂടുതൽ കടുത്ത നടപടിയിലേയ്ക്ക് കടക്കരുതെന്നും യുട്യൂബർ അഭ്യർത്ഥിച്ചിരുന്നു.

സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രചെയ്ത സംഭവത്തിൽ സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കുമെതിരെ മണ്ണഞ്ചേരി പൊലീസും കേസെടുത്തിരുന്നു. ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ ടി ഒ ആർ രമണന്റെ പരാതിയിലായിരുന്നു നടപടി. സഞ്ജു ഒന്നാംപ്രതിയും കാറോടിച്ച അവലൂക്കുന്ന് സ്വദേശി സൂര്യനാരായണൻ രണ്ടാം പ്രതിയുമാണ്. ഇവർക്കൊപ്പം യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ സ്റ്റാൻലിൻ ക്രിസ്റ്റഫർ (28), ജി.അഭിലാഷ് (29) എന്നിവരാണ് മറ്റു പ്രതികൾ. അശ്രദ്ധമായി പൊതുനിരത്തിൽ വാഹനമോടിക്കുക, മനുഷ്യജീവന് അപകടമുണ്ടാക്കുക, പൊതുജനസുരക്ഷയ്ക്ക് വിഘാതമുണ്ടാക്കുക തുടങ്ങിയവയാണ് കുറ്റങ്ങൾ.

Advertisement
Advertisement