ഓട്ടിസം ബാധിതനായ  വിദ്യാർത്ഥിയെ സ‌ർക്കാർ സ്‌കൂളിൽ നിന്ന് പുറത്താക്കി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Thursday 11 July 2024 4:08 PM IST

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡി ഇ ഒ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.


തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ അമ്മക്ക് നിർദ്ദേശം നൽകി. എന്നാൽ അമ്മ മൂന്ന് മാസത്തെ സാവകാശം ചോദിച്ചു. പ്രിൻസിപ്പൽ ഒരാഴ്ച സമയം നൽകി. കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു.


ദൂരപരിധി കാരണം കുട്ടിക്ക് ടി.സി. വാങ്ങുന്നു എന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാർത്ഥി. ദ്യശ്യമാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Advertisement
Advertisement