'അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്, തിരുത്താനുള്ള അവസരം തരണം' - സഞ്ജു ടെക്കി

Thursday 11 July 2024 7:28 PM IST

ആലപ്പുഴ: അറിവില്ലായ്മ കൊണ്ടാണ് തെറ്റ് ചെയ്തതെന്നും അത് തിരുത്താനുള്ള അവസരം നൽകണമെന്നും യൂട്യൂബർ ടി എസ് സഞ്ജു (സഞ്ജു ടെക്കി). ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചതിനെത്തുടർന്ന് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് അടുത്തിടെയാണ് എംവിഡി റദ്ദാക്കിയത്. ഈ വിഷയം വളരെ ചർച്ചയായിരുന്നു.

അതിനിടെയാണ് മണ്ണഞ്ചേരി ജിഎച്ച്എസിലെ സ്റ്റുഡന്റ് മാഗസിൻ പ്രകാശന ചടങ്ങിൽ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഇത് ഇന്ന് വിവാദമായതോടെ സഞ്ജു പരിപാടിയിൽ നിന്ന് പിൻമാറി. എംവിഡി നിയമലംഘനവുമായി ബന്ധപ്പെട്ടു നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെയാണ് സഞ്ജുവിനെ പരിപാടിയിൽ നിന്ന് മാറ്റിയത്.

'നേരത്തെയും പരിപാടികളിൽ പങ്കെടുക്കാൻ പലരും വിളിക്കാറുണ്ടായിരുന്നു. എന്റെ നാട്ടിലെ സ്കൂളിലാണ് പരിപാടി നടക്കുന്നത്. സ്കൂൾ അധികൃതർ വിളിച്ചപ്പോൾ പോകാം എന്ന് പറഞ്ഞു. കുട്ടികൾക്ക് നല്ലൊരു സന്ദേശം കൊടുക്കാമെന്ന് കരുതി. എന്റെ ഭാഗത്ത് വലിയ തെറ്റ് വന്നു. തെറ്റ് തിരുത്തി നല്ല സന്ദേശം കൊടുക്കണമെന്ന് കരുതിയാണ് പോകാനിരുന്നത്. അതും വിവാദമായി. തുടർന്ന് സ്കൂൾ അധികൃതർ എന്നെ വിളിച്ച് പങ്കെടുക്കരുതെന്ന് പറഞ്ഞു. എനിക്ക് വിഷമമായി. എല്ലാവർക്കും തെറ്റ് പറ്റും. പക്ഷേ അത് തിരുത്താനുള്ള അവസരം നിഷേധിച്ചു. എന്നും കുറ്റവാളിയായി കാണുമ്പോൾ മാനസിക വേദനയുണ്ട്. വലിയ തെറ്റാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ചെയ്യില്ലായിരുന്നു. അറിവില്ലായ്മ കൊണ്ടാണ് ഇത്രയും വലിയ തെറ്റ് ചെയ്തത്. പറ്റിയത് തെറ്റാണ് അത് പറയാൻ മടിയില്ല. തെറ്റ് തിരുത്താനുള്ള അവസരം തരണം. എപ്പോഴും കുറ്റവാളിയായി കണ്ടാൽ മാനസികമായി തള‌ർന്നുപോകും' - സഞ്ജു ഒരു ഓൺലെെൻ മാദ്ധ്യമത്തോട് വ്യക്തമാക്കി.

Advertisement
Advertisement