ഫോണിൽ ഹേയ് ഫ്രണ്ടുണ്ടോ; ചങ്ക് കൺമുന്നിലെത്തും

Friday 12 July 2024 4:39 AM IST

 കൈയടി നേടി 15കാരന്റെ എ.ഐ ആപ്പ്

കൊച്ചി: വല്ലാത്ത മനോവിഷമം. പ്രിയ സുഹൃത്ത് അടുത്തുണ്ടായിരുന്നെങ്കിൽ. പക്ഷേ, അവൻ വിദേശത്തല്ലേ. ഇപ്പോൾ വിളിച്ചാൽ കിട്ടുമോ... പരിഹാരമുണ്ട്, സുഹൃത്തിന്റെ ചിത്രം ഫോണിൽ നൽകിയാൽ അതേ രൂപത്തിൽ ആശയവിനിമയം 'ഹേയ് ഫ്രണ്ട് " നടത്തും .

സംഗതി എ.ഐ ആപ്പാണ്. സ്രഷ്ടാവ് കൊച്ചിലെ 15 വയസ്സുകാരൻ ഉദയ്ശങ്കർ. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സുഹൃത്തിന്റെ പേര്, സ്വഭാവ സവിശേഷത, വയസ്സ്, ചിത്രം എന്നിവ നൽകണം. ആപ്പ് തുറന്ന് സംസാരിച്ചാൽ സുഹൃത്തിന്റെ രൂപം മറുപടി തരും.

കൊച്ചിയിൽ നടക്കുന്ന രാജ്യത്തെ ആദ്യ എ.ഐ കോൺക്ലേവിൽ ഇതുൾപ്പെടെ അഞ്ച് എ.ഐ ആപ്പുകൾ അവതരിപ്പിച്ച് കൈയടി നേടി വൈറ്റില സ്വദേശിയായ ഉദയ്ശങ്കർ. ഹേയ് ഫ്രണ്ട് നൂറിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങി പൊതുസ്ഥലങ്ങളിൽ വയ്ക്കാവുന്ന 'അഡ്വൈസ" എന്ന അവതാറും കോൺക്ലേവിൽ ഉദയ് അവതരിപ്പിച്ചു. അഡ്വൈസയുടെ ഒരു ഉപയോഗം ഇങ്ങനെ: ഡൽഹി മെട്രോയിൽ കയറാൻ ടിക്കറ്റ് കൗണ്ടർ എവിടെയെന്ന് ചോദിക്കണം. മലയാളമേ അറിയാവൂ. അടുത്തുള്ള സ്ക്രീനിൽ വച്ച അഡ്വൈസയോട് ചോദിക്കാം. ഏതു ഭാഷയിൽ ചോദിക്കുന്നോ, അതേ ഭാഷയിൽ മറുപടി ലഭിക്കും. കൊച്ചി മെട്രോയിൽ ഈ സേവനം കൊണ്ടുവരാൻ ചർച്ചകൾ നടക്കുന്നു.

സാമ്പത്തിക കാര്യങ്ങൾ ചോദിക്കാവുന്ന ഫിനാൻസ, ആരോഗ്യരംഗത്തെ സംശയങ്ങൾ തീർത്തുതരുന്ന മെഡിക്കൽ, അദ്ധ്യാപകരോട് എന്നപോലെ സംശയങ്ങൾ ചോദിക്കാവുന്ന മിസ് വാണി എന്നീ ആപ്പുകളും ശ്രദ്ധനേടി.

ഉറവ് സ്റ്റാർട്ടപ്പും

ഉദയ്ശങ്കർ എട്ടാംക്ലാസ് പാസായ ശേഷം സ്കൂളിൽ പോക്ക് നിറുത്തിയാണ് ആപ്പ് നിർമ്മാണം തുടങ്ങിയത്. ഓപ്പൺസ്കൂൾ വഴിയാക്കി തുടർ പഠനം. പത്താംക്ലാസ് എഴുതിയെടുത്തു. ആപ്പിനു വേണ്ട സാങ്കേതികകാര്യങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു. ഏകമകന്റെ അഭിരുചിക്കൊപ്പം ഡോക്ടറായ അച്ഛൻ രവികുമാറും എൻജിനിയറായ അമ്മ ശ്രീകുമാരിയും നിന്നു. മകനുവേണ്ടി തമ്മനത്ത് 'ഉറവ്' എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചു. മാതാപിതാക്കളുടെ പേരിലാണ് രജിസ്ട്രേഷൻ.

Advertisement
Advertisement