അലി മണിക്ഫാന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആദരം

Friday 12 July 2024 1:46 AM IST
സി.എം.എഫ്.ആർ.ഐയിൽ നടന്ന ചടങ്ങിൽ അലി മണിക്ഫാൻ സംസാരിക്കുന്നു

കൊച്ചി: സമുദ്രമത്സ്യമേഖലയിലെ ഗവേഷകരുടെ കൂട്ടായ്മയായ മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എം.ബി.എ.ഐ) ഓണററി ഫെലോഷിപ്പ് ലക്ഷദ്വീപ് സ്വദേശി അലി മണിക്ഫാന് സമ്മാനിച്ചു. ആദ്യകാലത്ത് മിനിക്കോയ് ദ്വീപിലെ ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരന്റെ സഹായിയായിരുന്ന മണിക്ഫാന്റെ നിരീക്ഷണ ശീലങ്ങളാണ് അദ്ദേഹത്തെ പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾക്ക് അർഹനാക്കിയത്. സമുദ്രശാസ്ത്രം, ഗോളശാസ്ത്രം, കപ്പൽനിർമ്മാണം, പരിസ്ഥിതിശാസ്ത്രം തുടങ്ങി നിരവധി മേഖലകളിലും മണിക്ഫാന് വൈദഗ്ദ്ധ്യമുണ്ട്. പതിവായി കടലിൽ നീന്താറുണ്ടായിരുന്ന അദ്ദേഹം നീന്തലിനിടയിലൊരിക്കൽ സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രസംഘത്തെ യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് സി.എം.എഫ്.ആർ.ഐയിലേക്കുള്ള വഴിതുറന്നത്. അക്കാലത്ത് അദ്ദേഹം ഒരു പുതിയ മത്സ്യത്തെ കണ്ടെത്തുകയും 'അബുദഫ്ദഫ് മണിക്ഫാനി' എന്ന് അതിന് പേര് നൽകുകയും ചെയ്തു. 14ഭാഷകളിൽ പ്രാവീണ്യമുണ്ട്.

ഇന്നലെ സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങിയശേഷം തന്റെ അറിവന്വേഷണവഴികൾ സദസ്യരുമായി പങ്കുവയ്ക്കവേ 86-ാം വയസിലും അറിവ് നേടാനുള്ള അടങ്ങാത്ത ആവേശമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മണിക്ഫാൻ പറഞ്ഞു. അനുമോദന ചടങ്ങിൽ സി.എം.എഫ്.ആർ.ഐ ഡയറക്ടറും എം.ബി.എ.ഐ പ്രസിഡന്റുമായ ഡോ.എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.ജി.കെ. പിള്ള, ഡോ.പി.എം. അബൂബക്കർ, ഡോ.കെ.കെ.സി. നായർ, ഡോ. രേഖ ജെ. നായർ, ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement