ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല
മുംബയ്: അടുത്ത വർഷം ഫെബ്രുവരിയിൽ പാകിസ്ഥാനിൽ നിശ്ചയിച്ചിരിക്കുന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനായി പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് കൺടോൾ ബോർഡ്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലോ ശ്രീലങ്കയിലോ വെച്ച് നടത്താൻ ബി.സി.സി.ഐ ആവശ്യപ്പെട്ടേക്കും.
2008ലെ മുംബയ് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോയിട്ടില്ല.2012-13ൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വന്നതൊഴിച്ചാൽ ഉഭയകക്ഷി പരമ്പരകളുമുണ്ടായിട്ടില്ല. ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾക്കായി പാകിസ്ഥാൻ ടീമിനെ വരാൻ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ നടന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് ചാമ്പ്യൻസ് ട്രോഫിയുടെ കരട് ഫിക്സ്ചർ പാക് ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് സമർപ്പിച്ചത്. ഇതുപ്രകാരം 2025 മാർച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാക് മത്സരം നിശ്ചയിച്ചിരിക്കുന്നത്.