കൊളംബിയൻ കാഹളം

Thursday 11 July 2024 10:11 PM IST

സെമിയിൽ ഉറുഗ്വേയെ 1-0ത്തിന് തോൽപ്പിച്ച് കൊളംബിയ കോപ്പ ഫൈനലിൽ

അർജന്റീനയുമായുള്ള ഫൈനൽ തിങ്കളാഴ്ച വെളുപ്പിന്

ഉറുഗ്വേ Vs കാനഡ ലൂസേഴ്സ് ഫൈനൽ ഞായറാഴ്ച വെളുപ്പിന്

നോർത്ത് കരോളിന : അസാമാന്യ കരുത്തുമായെത്തിയ ഉറുഗ്വേയെ ഒറ്റ ഗോളിന് കീഴ്പ്പെടുത്തി കൊളംബിയ 23 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിലെത്തി. ഇന്ത്യൻ സമയം തിങ്കളാഴ്ച വെളുപ്പിന് 5.30ന് തുടങ്ങുന്ന കലാശക്കളിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.

നോർത്ത് കരോളിനയിലെ അമേരിക്കൻ ബാങ്ക് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിന്റെ 39-ാം മിനിട്ടിൽ നായകൻ ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിൽ നിന്ന് ജെഫേഴ്സൺ ലേമ നേടിയ ഗോളിനാണ് കൊളംബിയൻ കലാശപ്രവേശം. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഡാനിയേൽ മുനോസ് പുറത്തായെങ്കിലും പത്തുപേരുമായി രണ്ടാം പകുതിമുഴുവൻ പിടിച്ചുനിന്നാണ് കൊളംബിയ വിജയം നേടിയെടുത്തത്.31-ാം മിനിട്ടിൽ അറൗജയെ ഫൗൾ ചെയ്തതിന് ആദ്യ മഞ്ഞക്കാർഡ് കണ്ടിരുന്ന മുനോസ് ഇൻജുറി ടൈമിൽ ഉറുഗ്വേ താരം ഉഗാർത്തയുടെ നെഞ്ചത്ത് കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് രണ്ടാം മഞ്ഞയും മാർച്ചിംഗ് ഓർഡറും വാങ്ങിയത്.

ആദ്യ പകുതിയിൽ കൊളംബിയയുടെ ആധിപത്യമാണ് കണ്ടത്. അതിനിടയിൽ ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉറുഗ്വേയ്ക്ക് കഴിഞ്ഞുമില്ല. 15-ാം മിനിട്ടിൽ മുനോസ് ഒരു ഹെഡർ പുറത്തേക്കടിച്ചു കളഞ്ഞിരുന്നു. 17-ാം മിനിട്ടിൽ ഡാർവിൻ ന്യൂനസും നല്ലൊരവസരം പാഴാക്കി. പിന്നീട് കിട്ടിയ ചാൻസുകളും ഗോളാക്കാൻ ന്യൂനസിനായിരുന്നില്ല. രണ്ടാം പകുതിയിൽ പത്തുപേരായി ചുരുങ്ങിയതോടെ കൊളംബിയ പ്രതിരോധത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചു. 66-ാം മിനിട്ടിൽ പകരക്കാരനായി കളത്തിലെത്തിയ ലൂയിസ് സുവാരേസ് ചില പരിശ്രമങ്ങൾ നടത്തിയെങ്കിലും മത്സരത്തിന്റെ വിധി മാറ്റിയെഴുതാനായില്ല.

ഗോൾ പിറന്നതിങ്ങനെ

1-0

39-ാം മിനിട്ട്

ജെഫേഴ്സൺ ലേമ

കൊളംബിയയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് ജെയിംസ് റോഡ്രിഗസ് കണിശതയോടെ വളച്ചടിച്ച് ഉയർത്തി നൽകിയത് ഹെഡ്

ചെയ്ത് വലയിലാക്കിയാണ് ലേമ മത്സരത്തിന്റെ വിധിയെഴുത്തിയത്.

Advertisement
Advertisement