സംയുക്ത ഏവിയേഷൻ കോഴ്‌സുകൾക്ക് കൈകോർത്ത് സിയാലും കുസാറ്റും

Friday 12 July 2024 12:57 AM IST

കൊച്ചി: വ്യോമ ഗതാഗത രംഗത്ത് സർട്ടിഫിക്കറ്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കാൻ കൊച്ചി വിമാനത്താവള കമ്പനിയും (സിയാൽ)കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാലയും(കുസാറ്റ്) കൈകോർക്കുന്നു. സിയാലിന്റെ അനുബന്ധ സ്ഥാപനമായ കൊച്ചി ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ(സി.ഐ.എ.എസ്.എൽ)നേതൃത്വത്തിലാകും കോഴ്സുകൾ. ഇതിനായി സിയാലും കുസാറ്റും ധാരണാപത്രം ഒപ്പിട്ടു.

ആദ്യഘട്ടമായി അക്കാഡമിക പ്രോഗ്രാമുകൾ വികസിപ്പിച്ച് സി.ഐ.എ.എസ്.എൽ കോഴ്‌സുകൾക്ക് കുസാറ്റിന്റെ അംഗീകാരമുള്ള പരിശീലനം, അക്രഡിറ്റേഷൻ, സർട്ടിഫിക്കേഷൻ എന്നിവ നൽകുന്നതിനും ധാരണയായി. എയർപോർട്ട് - എയർലൈൻ പ്രവർത്തനങ്ങൾ, പാസഞ്ചർ ഹാൻഡ്‌ലിംഗ്, എയർപോർട്ട് റാംപ് ഹാൻഡ്‌ലിംഗ്, കാർഗോ ആൻഡ് ലോജിസ്റ്റിക്‌സ്, സെക്യൂരിറ്റി, ഫയർഫൈറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ നടക്കുന്നത്.

ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് സാങ്കേതിക അറിവ് പങ്കിടുന്നതിനുള്ള പദ്ധതികളും ഗവേഷണവും കൺസൾട്ടൻസി പദ്ധതികളും നടത്താൻ ഇരുസ്ഥാപനങ്ങളും തീരുമാനിച്ചു. ധാരണാപത്രത്തിന്റെ ഭാഗമായി രണ്ട് സ്ഥാപനങ്ങളിലും ഫാക്കൽറ്റി വികസന പരിപാടികളും മാനേജ്മെന്റ് പരിശീലന പരിപാടികളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിക്കും.

വ്യവസായമന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ്, ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ചെയർമാൻ എസ്. സുഹാസ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിയാൽ എം. ഡി സന്തോഷ് ജെ. പൂവട്ടിൽ, കുസാറ്റ് രജിസ്ട്രാർ ഡോ. ശിവാനന്ദൻ ആചാരി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Advertisement
Advertisement