കേരളത്തിൽ എൻജിനിയറിംഗിന് ഓപ്ഷൻ നൽകുമ്പോൾ

Friday 12 July 2024 12:05 AM IST

സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തിയ കീം എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷമുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് നാറ്റ റിസൾട്ടിനുശേഷം പ്രസിദ്ധീകരിക്കും. കീമിന്റെ ഒന്നാം പേപ്പർ റാങ്ക് വിലയിരുത്തിയാണ് ഫാർമസി റാങ്ക് പ്രസിദ്ധീകരിക്കുന്നത്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എം.ബി.ബി.എസ്,ബി.ഡി.എസ്,അലൈഡ് ഹെൽത്ത്,അഗ്രിക്കൾച്ചർ,വെറ്ററിനറി,ഫിഷറീസ് സയൻസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. പ്ലസ് ടു തലത്തിൽ സംസ്‌കൃതം പഠിച്ചവർക്ക് ആയുർവേദ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ എട്ട് മാർക്കിന്റെ വെയിറ്റേജ് ലഭിക്കും.

79044വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ52500വിദ്യാർത്ഥികളാണ് എൻജിനിയറിംഗ് പഠനത്തിന് യോഗ്യത നേടിയത്.


ഏത് എൻജിനിയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചു വ്യക്തമായ തീരുമാനമെടുക്കണം. 53ഓളം എൻജിനിയറിംഗ് ബ്രാഞ്ചുകളുണ്ട്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട19ഓളം ബ്രാഞ്ചുകളുണ്ട്. ഇവ ആത്യന്തികമായി എല്ലാം കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകൾ തന്നെയാണ്. ഇലക്ട്രോണിക്സ്&ഇൻസ്ട്രമെന്റഷൻ,സിവിൽ,മെക്കാനിക്കൽ,പ്രൊഡക്ഷൻ എൻജിനിയറിംഗിലും സമാന ബ്രാഞ്ചുകളുണ്ട്.

കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിനാണ് ഇപ്പോൾ കൂടുതലായി വിദ്യാർത്ഥികൾ താൽപര്യപ്പെടുന്നത്.

ഏത് എൻജിനിയറിംഗ് ബ്രാഞ്ചെടുത്താലും80ശതമാനത്തോളം പ്ലേസ്‌മെന്റ് കമ്പ്യൂട്ടർ,ഐ.ടി അധിഷ്ഠിത മേഖലയിലാണ്. കോർ എൻജിനിയറിംഗ് ബ്രാഞ്ചുകളായ സിവിൽ,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്&കമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ സയൻസ്,ഐ.ടി ബ്രാഞ്ചുകൾക്ക് എല്ലായ്‌പോഴും സാദ്ധ്യതകളുണ്ട്. പക്ഷേ ഉപരിപഠനമോ,സ്‌പെഷ്യലൈസേഷനോ,സ്‌കിൽ വികസന കോഴ്സുകളോ ബിരുദ ശേഷം വരും നാളുകളിൽ ആവശ്യമായി വരും.

ചെമിസ്ട്രിയിൽ താല്പര്യമുള്ളവർക്ക് ചെമിക്കൽ എൻജിനിയറിംഗും,ബയോളജിയോട് അഭിമുഖ്യമുള്ളവർക്കു ഡെയറി സയൻസ്&ടെക്‌നോളജി,അഗ്രിക്കൾച്ചർ എൻജിനിയറിംഗ്,ബയോടെക്‌നോളജി,ബയോമെഡിക്കൽ,ഫുഡ് ടെക്‌നോളജി,ഫുഡ് എൻജിനിയറിംഗ്,എൻവയണ്മെന്റൽ എൻജിനിയറിംഗ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം. മറൈൻ എൻജിനിയറിംഗ്,സേഫ്ടി ആൻഡ് ഫയർ,ഷിപ് ബിൽഡിംഗ്&നേവൽ ആർക്കിടെക്ചർ എന്നിവ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മികച്ച ബ്രാഞ്ചുകളാണ്.

വിദ്യാർത്ഥികൾ അവരുടെ താല്പര്യമുള്ള ബ്രാഞ്ച്,കോളേജുകൾ എന്നിവ വിലയിരുത്തി വളരെ ശ്രദ്ധയോടെ ഓപ്ഷൻ നൽകണം. താല്പര്യമില്ലാത്ത കോളേജുകൾ,ബ്രാഞ്ചുകൾ എന്നിവ ഒഴിവാക്കണം. വിദ്യാർത്ഥിയുടെ താല്പര്യം,അഭിരുചി,ലക്ഷ്യം,താല്പര്യമുള്ള തൊഴിൽ എന്നിവ വിലയിരുത്തി ഓപ്ഷൻ നൽകണം. എൻജിനിയറിംഗ് രംഗത്തുള്ള സാങ്കേതിക വളർച്ച,ഇനവേഷൻ,ഭാവി തൊഴിലുകൾ,ഫീ ഘടന എന്നിവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം.

മുൻ വർഷങ്ങളിലെ റാങ്ക്,ലഭിച്ച ബ്രാഞ്ച്,കോളേജ് എന്നിവ പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്‌സൈറ്ററിൽ നിന്നും അറിയാൻ സാധിക്കും.2023ലെ അവസാന റാങ്ക് വിലയിരുത്തുന്നത് ഏകദേശ സൂചന ലഭിക്കാൻ സഹായിക്കും. www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷൻ നൽകാം. കൂടുതൽ ക്യാമ്പസ് പ്ലേസ്‌മെന്റുള്ള ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാം .

കോളേജുകൾ തിരഞ്ഞെടുക്കുമ്പോൾ ഭൗതിക സൗകര്യം,ഫാക്കൽറ്റി,വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം,പ്ലേസ്‌മെന്റ്,ഹോസ്റ്റൽ സൗകര്യം എന്നിവ വിലയിരുത്തണം. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. അവ താല്പര്യത്തിനനുസരിച്ചു മുൻഗണന ക്രമത്തിൽ നൽകണം. എ4ഷീറ്റിൽ ഓപ്ഷനുകൾ എഴുതി തയ്യാറാക്കുന്നത് നല്ലതാണ്. ബ്രാഞ്ചിനനുസരിച്ചോ,കോളേജിനനുസരിച്ചോ വിദ്യാർത്ഥിയുടെ താല്പര്യം വിലയിരുത്തി ഓപ്ഷൻ നൽകാം. നല്ല സ്പീഡുള്ള ഇന്റർനെറ്റ് ബ്രൌസർ വഴി മാത്രമേ ഓപ്ഷൻ നൽകാവൂ. അക്ഷയ കേന്ദ്രങ്ങൾ,ഇന്റർനെറ്റ് കഫേ എന്നിവയെ ആശ്രയിക്കാം.

ഓപ്ഷൻ നിശ്ചിത തീയതിക്ക് മുമ്പ് ചെയ്തിരിക്കണം. റാങ്ക്,ഓപ്ഷൻ എന്നിവയ്ക്കനുസരിച്ച് യോഗ്യമായ ബ്രാഞ്ചും,കോളേജും നിങ്ങൾക്ക് ലഭിക്കും. വെബ്‌സൈറ്റിൽ നിന്ന് യൂസർ നെയിം,പാസ്സ്‌വേർഡ് എന്നിവ എന്റർ ചെയ്തു ക്യാൻഡിഡേറ്റ് പോർട്ടലിൽ എത്തി ഓൺലൈൻ ഓപ്ഷൻ പ്രക്രിയ തുടങ്ങാം. ഓപ്ഷൻ നൽകുന്നതിന് മുമ്പ് കോഴ്സിന്റെ കോഡ്,കോളേജിന്റെ കോഡ് എന്നിവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം,നന്നായി ഗൃഹപാഠം ചെയ്തു മാത്രമെ ഓപ്ഷൻ നൽകാവൂ. എന്നാൽ യൂസർ നെയിമും,പാസ്സ്‌വേർഡും അക്ഷയകേന്ദ്രത്തിനു നൽകി വിദ്യാർത്ഥിയില്ലാതെ ഓപ്ഷൻ നല്കാൻ ശ്രമിക്കരുത്. കഴിയുമെങ്കിൽ രക്ഷിതാവും ഓപ്ഷൻ നൽകുമ്പോൾ വിദ്യാർത്ഥിയുടെ കൂടെ ആവശ്യമാണ്. തെറ്റായി ഓപ്ഷൻ നൽകിയാൽ അഡ്മിഷൻ സാധ്യത ഇല്ലാതാകും. നിങ്ങൾ നൽകിയ ഓപ്ഷൻ അനുസരിച്ച് മോക്ക് അലോട്ട്‌മെന്റ് ലിസ്റ്റ് ഓൺലൈനിൽ പ്രസിദ്ധീകരിക്കും. തുടർന്ന് സാദ്ധ്യത വിലയിരുത്തി മുൻഗണന പട്ടികയിൽ മാറ്റം വരുത്താൻ നിശ്ചിത സമയം ലഭിക്കും. ഓപ്ഷൻ നൽകിയാൽ ഓപ്ഷൻ ലോക്ക് ചെയ്യണം. ആദ്യ അലോട്ടുമെന്റിൽ തന്നെ ഫീസടച് അഡ്മിഷനെടുക്കണം. തുടർ ഓപ്ഷൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ confirm ബട്ടനിൽ ക്ലിക്ക് ചെയ്യണം

എല്ലാ ജില്ലകളിലും ഓപ്ഷൻ നല്കാൻ നോഡൽ കേന്ദ്രങ്ങളുണ്ട്. എൻജിനിയറിംഗ് കോളേജുകളിലും ഇതിനുള്ള അവസങ്ങളുണ്ട്. ശുഭാപ്തിവിശ്വാസത്തോടെ ഓപ്ഷൻ നൽകാൻ എല്ലാ വിദ്യാർത്ഥികളും ശ്രമിക്കണം. പ്രവേശന പരീക്ഷ കമ്മിഷണറുടെ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിലൂടെ യഥാസമയം മനസ്സിലാക്കി മാത്രമേ ഓപ്ഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കാവൂ!

Advertisement
Advertisement