കാട്ടുപന്നികളെ കൊല്ലാം; പക്ഷെ തോക്കിന് ലൈസൻസ് കിട്ടില്ല

Friday 12 July 2024 1:36 AM IST

ചിറ്റൂർ: വ്യാപക വിളനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ നിയമം അനുവദിച്ചിട്ടും ഇവയെ വെടിവച്ച് കൊല്ലാനാകാത്ത നിസ്സഹായാവസ്ഥയിലാണ് പാലക്കാട്ടെ കർഷകർ. തോക്ക് ലൈസൻസിന് അപേക്ഷിക്കുന്ന ഭൂരിഭാഗം പേർക്കും ലൈസൻസ് കിട്ടുന്നില്ലെന്നതാണ് പ്രധാന തിരിച്ചടി. കൃഷിക്കും മനുഷ്യനും ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്ന മ‌ൃഗങ്ങളിൽ മുന്നിലാണ് കാട്ടുപന്നികൾ.

കർഷകരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയുള്ള സർക്കാർ ഉത്തരവ് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഭൂരിഭാഗം തോക്ക് ലൈസൻസ് അപേക്ഷകളും നിരസിക്കപ്പെടുകയാണ്. ആയുധ നിയമപ്രകാരം തോക്ക് ലൈസൻസ് അനുവദിക്കാൻ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നിഷ്‌കർഷിക്കുന്നുണ്ട്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് 1000 രൂപ മാത്രം ഫീസ് ഈടാക്കി ട്രെയിനിംഗ് നൽകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം സംവിധാനം ആലോചനയിൽ പോലുമില്ല. കാട്ടുപന്നികളെ കൊല്ലാനുള്ള നിയമം നടപ്പാക്കുന്നതിൽ ഭൂരിപക്ഷം പഞ്ചായത്തുകളും പരാജയപ്പെട്ട സാഹചര്യത്തിൽ തോക്ക് ലൈസൻസുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാ‌‌ർ ഉദാര നയസമീപനം സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

 വനം വകുപ്പിന്റെ കണക്കനുസരിച്ച് 2016 മുതൽ എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് 900ൽ അധികം പേർക്കാണ് വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. 7500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂരിപക്ഷം ആളുകൾക്ക് പരിക്കേറ്റത് കാട്ടുപന്നികളുടെ ആക്രമണം മൂലമാണ്. ഏറ്റവുമധികം കൃഷിനാശം വരുത്തിയതും കാട്ടുപന്നികളാണ്.

 കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും സന്നദ്ധരായ തോക്ക് ലൈസൻസികളുടെ അഭാവം മൂലം ഇതു വേണ്ടവിധം പ്രയോജനപ്പെടുത്താൻ കർഷകർക്കു സാധിക്കുന്നില്ല.

 നിലവിലുള്ള തോക്ക് ലൈസൻസികളിൽ ഭൂരിപക്ഷവും 60 വയസിന് മുകളിൽ പ്രായം ഉള്ളവരാണ്. ഇവരിൽ പലരും ആരോഗ്യപ്രശ്നങ്ങൾ മൂലം പന്നിവേട്ടക്ക് വിമുഖത കാണിക്കുകയാണ്.

 സന്നദ്ധരായി മുന്നോട്ട് വന്ന് പന്നികളെ കൊല്ലുന്നവർക്ക് സർക്കാർ നിശ്ചയിച്ച നാമമാത്ര പ്രതിഫല തുകയായ 1000 രൂപ പോലും കൊടുക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകാത്തതും പ്രശ്നം സങ്കീർണമാക്കുന്നു.

Advertisement
Advertisement