കോളനൈസേഷൻ സ്‌കീം ഭൂമിയിലെ ഈട്ടി, തേക്ക് ഉടമാവകാശം: ഭൂവുടമകൾ കോടതിയിലേക്ക്

Friday 12 July 2024 12:02 AM IST
വയനാട് കോളനൈസേഷൻ ഭൂമി

കൽപ്പറ്റ: വയനാട് കോളനൈസേഷൻ സ്‌കീമിൽ (ഡബ്ല്യു.സി.എസ്)ഉൾപ്പെട്ട ഭൂമിയിലെ ഈട്ടി, തേക്ക് മരങ്ങളുടെ ഉടമാവകാശത്തെച്ചൊല്ലി ഭൂവുടമകൾ കോടതിയിലേക്ക്. ഡബ്ല്യു.സി.എസ് ഭൂമിയിലെ സകലതും സ്ഥലമുടമകൾക്ക് അവകാശപ്പെട്ടതാണെന്നാണ് 2022 ജൂൺ 17ലെ ഹൈക്കോടതി ഉത്തരവിൽ. കെട്ടിട നിർമാണത്തിന് റവന്യു വകുപ്പ് ബാധകമാക്കിയ വിലക്ക് നീക്കുന്നതിന് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഫയൽ ചെയ്ത റിട്ട് ഹർജികളിലായിരുന്നു കോടതി ഉത്തരവ്. സകലതും ഉടമയുടേതാണെന്നു കോടതി ഉത്തരവായ സാഹചര്യത്തിൽ ഈട്ടി, തേക്ക് മരങ്ങളിൽ സർക്കാരിന് അവകാശം ഇല്ലെന്ന നിലപാടിലാണ് ഡബ്ല്യു.സി.എസ് ഭൂ സംരക്ഷണ സമിതി. സ്പഷ്ടീകരണത്തിനുള്ള ഹർജിയിൽ അനുകൂല ഉത്തരവ് ഉണ്ടായാൽ മുമ്പ് ഡബ്ല്യു.സി.എസ് ഭൂമിയിൽനിന്നു മുറിച്ചെടുത്ത ഈട്ടി, തേക്ക് മരങ്ങളുടെ വില സ്ഥലം ഉടമകൾക്കു ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. അമ്പലവയൽ, തോമാട്ടുചാൽ, നെൻമേനി, നൂൽപ്പുഴ, ചീരാൽ, ബത്തേരി, കുപ്പാടി, കിടങ്ങനാട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വയനാട് കോളനൈസേഷൻ സ്‌കീം.

38,000 ഏക്കർ ഭൂമിയാണ് ഡബ്ല്യു.സി.എസിനാനായി മദിരാശി സർക്കാർ 1943ൽ സൈനിക അമാൽഗമേറ്റഡ് ഫണ്ട് വിനിയോഗിച്ച് നിലമ്പൂർ കോവിലകത്തുനിന്നു വാങ്ങിയത്. ഇവിടെ വിമുക്തഭട കുടുംബങ്ങൾക്കു നൽകിയതു കഴിച്ചുള്ള ഭൂമിയിൽ കുടിയേറ്റ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ളവരാണ് താമസിക്കുന്നത്.
ഡബ്ല്യു.സി.എസ് ഭൂമിയിലെ റിസർവ് മരങ്ങളിൽ 120 സെന്റീമീറ്ററിൽ കൂടുതൽ വണ്ണമുള്ളവ മുറിച്ചെടുക്കാനും കൈവശക്കാർക്ക് ക്യുബിക് മീറ്ററിനു 4,500 രൂപ നിരക്കിൽ സമാശ്വാസധനം നൽകാനും 1995ലാണ് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തേക്കുകൾ മുറിച്ചെടുത്തു. കൈവശക്കാർക്കുള്ള സമാശ്വാസ ധനം ക്യുബിക് മീറ്ററിനു 10,000 രൂപയായി 2005ൽ വർധിപ്പിച്ചു. 2012ൽ ഈട്ടികൾക്കു നമ്പരിട്ടു. പിന്നീട് ഈട്ടികൾ മുറിച്ച് ഒരുക്കി ബത്തേരി കുപ്പാടിയിലും കോഴിക്കോട് ചാലിയത്തുമുള്ള ഡിപ്പോകളിൽ എത്തിക്കുന്നതിനു സ്വകാര്യ വ്യക്തികൾക്കു കരാർ നൽകി. ഇതേത്തുടർന്ന് അമ്പലവയൽ, തോമാട്ടുചാൽ പ്രദേശങ്ങളിൽ ഈട്ടി മുറി നടന്നു. ഡബ്ല്യു.സി.എസ് ഭൂമിയിൽനിന്നു 11,000 ഈട്ടി മുറിക്കാനായിരുന്നു സർക്കാർ പദ്ധതി. നമ്പർ ഇട്ട മുഴുവൻ ഈട്ടിയും വിവിധ കോണുകളിൽ നിന്ന് ഉയർന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് മുറിക്കാനായില്ല.
വയനാട് കോളനൈസേഷൻ സ്‌കീമിൽപ്പെട്ട ഭൂമിയിൽ വിവിധ ഭാഗങ്ങളിലായി അനേകം ഈട്ടിയുണ്ട്. അങ്ങിങ്ങായി ധാരാളം ഈട്ടി വീണുകിടക്കുന്നുമുണ്ട്. ഇതിൽ ഒന്നുപോലും മുറിച്ചെടുക്കാൻ ഇനി സർക്കാരിനെ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂ സംരക്ഷണ സമിതി. ഏകദേശം 20,000 കുടുംബങ്ങളാണ് ഡബ്ലുസിഎസ് സ്‌കീമിൽപ്പെട്ട പ്രദേശങ്ങളിലുള്ളത്.

Advertisement
Advertisement