സർഗപ്രക്രിയ നഷ്ടമായതാണ് രാഷ്ട്രീയം നേരിടുന്ന പ്രധാന പ്രശ്നം: മുല്ലക്കര

Friday 12 July 2024 12:02 AM IST
കെ.എ കേരളീയൻ അനുസ്മരണം കോഴിക്കോട് ടൗൺ ഹാളിൽ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാഷ്ട്രീയം മനുഷ്യനെ തിരുത്തുന്നതാവണമെന്നും രാഷ്ട്രീയത്തിൽ നിന്ന് സർഗപ്രക്രിയ നഷ്ടമായതാണ് ഇന്നത്തെ രാഷ്ട്രീയം നേരിടുന്ന പ്രധാന പ്രശ്നമെന്നും മുൻ മന്ത്രി മുല്ലക്കര രത്നാകരൻ. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും കെ.എ.കേരളീയന്റെ 30ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ഒരു മാതൃബോധമാണ്. ജയത്തേക്കാൾ വലിയ പാഠം നൽകുന്നത് തോൽവിയാണ്. തോൽവിയുടെ മുന്നിൽ നിന്ന് പിന്തിരിഞ്ഞ് ഓടരുത്. ജനാധിപത്യത്തിൽ ഏറ്റവും വലുത് ജനമാണ്. ജനത്തോടൊപ്പം നിന്ന് പഠിക്കണം. 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്തുകൊണ്ട് ജയിച്ചു എന്ന് പഠിച്ചാൽ മാത്രമേ 2024 ൽ എന്തുകൊണ്ട് തോറ്റൂവെന്ന് മനസിലാകൂ. രാജ്യം ജനത്തിൽ നിന്ന് പഠിക്കണം. ജയിപ്പിക്കാൻ അറിയുന്നതുപോലെ തോൽപ്പിക്കാനും ജനത്തിനറിയാമെന്ന് നാം മനസിലാക്കണം. പഴയ നേതാക്കളുടെ ജീവിത മാതൃക കമ്മ്യൂണിസ്റ്റുകാർ മനസിലാക്കിയേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ പി .കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. എൻ. സി. മമ്മുട്ടി മാസ്റ്റർ എൻഡോവ്‌മെന്റായി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച 10, 000 രൂപയുടെ പുസ്തകങ്ങളും ഫലകവും ഗവ. ഗണപത് ബോയ്സ് ഹൈസ്‌കൂൾ ലൈബ്രറിയ്ക്ക് പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ടി. വി. ബാലൻ സമ്മാനിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ, നാളികേര വികസന കോർപറേഷൻ ചെയർമാൻ ടി. കെ.രാജൻ , ടി. കെ. വിജയരാഘവൻ, അഹമ്മദ് കുട്ടി കുന്നത്ത്, സി. പി. സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement