@ ജീർണിച്ച കെട്ടിടങ്ങൾ പുതുക്കാൻ കോർപ്പറേഷൻ സാഹിത്യ നഗരത്തിൽ ഉണ്ടാവില്ല ഭാർഗവീ നിലയങ്ങൾ

Friday 12 July 2024 12:07 AM IST
ടാഗോർ ഹാൾ

 ആദ്യഘട്ടത്തിൽ ആറ് കെട്ടിടങ്ങൾ പുതുക്കും

കോഴിക്കോട് : കാലപ്പഴക്കത്താൽ ജീർണിച്ച നഗരത്തിലെ കെട്ടിടങ്ങൾ പൊളിച്ച് പണിയാൻ കോർപ്പറേഷൻ. ആദ്യഘട്ടമായി ടാഗോർ ഹാൾ പുതുക്കിപ്പണിയും. ഇതിനായുള്ള വിശദ പദ്ധതി രേഖ ( ഡി.പി.ആർ) കോർപ്പറേഷൻ ഉടൻ അംഗീകരിക്കും. മൂന്ന് കമ്പനികൾ ഇതിനായി ഡി.പി.ആർ സർപ്പിച്ചിട്ടുണ്ട്. കൗൺസിൽ യോഗം ചർച്ച ചെയ്ത് കമ്പനിയെ തെരഞ്ഞെടുക്കും. കോഴിക്കോടിന് സാഹിത്യ നഗര പദവി ലഭിച്ചതിനാൽ സാഹിത്യത്തിനും കലയ്ക്കും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്ന തരത്തിലാവും ഡിസൈൻ. ടാഗോർ ഹാൾ കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള പ്രധാനപ്പെട്ട ഹാളായതിനാൽ സാംസ്‌കാരിക പരിപാടികൾ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള സൗകര്യം ഒരുക്കും.

ആറ് കമ്പനികൾ ഡി.പി.ആർ തയ്യാറാക്കിയെങ്കിലും കോർപ്പറേഷന്റെ ആവശ്യപ്രകാരം മൂന്ന് കമ്പനികളാണ് മാറ്റം വരുത്തി അവതരിപ്പിച്ചത്. കോഴിക്കോട്ടെയും തൃശൂരിലെയും കമ്പനികളാണ് ഡി.പി.ആർ അവതരിപ്പിച്ചത്. 2023 ജനുവരിയിലാണ് കാലപ്പഴക്കം ചെന്ന 12 ഹാളുകൾ പുതുക്കി പണിയാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ആദ്യ ഘട്ടമായി ടാഗോർ ഹാൾ ഉൾപ്പെടെ ആറ് ഹാളുകൾ പുതുക്കിപ്പണിയാനായിരുന്നു തീരുമാനം. വരുമാന വർദ്ധനവ് കൂടി ലക്ഷ്യമിട്ടായിരുന്നു കെട്ടിടങ്ങൾ പുതുക്കി പണിയാൻ തീരുമാനിച്ചത്. ഒരോ കെട്ടിടത്തിനും പ്രത്യേകം ഡി.പി.ആർ ക്ഷണിക്കാനാണ് തീരുമാനം. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും അപകട ഭീഷണി ഉയർത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പുതുക്കിപ്പണിയാനുള്ള തീരുമാനം. നിരവധി കച്ചവട സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണിത്. ടാഗോർ ഹാൾ പൊളിച്ച് പണിയാൻ തീരുമാനിച്ചതോടെ ചടങ്ങുകൾക്ക് ഹാൾ അനുവദിക്കുന്നത് അവസാനിപ്പിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയാലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായതിനാലാണ് പുതുക്കിപ്പണിയാമെന്ന തീരുമാനത്തിലെത്തിയത്. അതേസമയം മിഠായിത്തെരുവിൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി പൊളിച്ച സത്രം ബിൽഡിംഗിന്റെ അവസ്ഥ വരരുതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. കെട്ടിടം പൊളിച്ചെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല.

നവീകരിക്കുന്ന

കെട്ടിടങ്ങൾ

ടാഗോർ സെന്റിനറി ഹാൾ

മെഡിക്കൽ കോളേജ് വേണാട് ബിൽഡിംഗ്.

അരീക്കാട് ബിൽഡിംഗ്.

നടക്കാവ് റസിഡൻഷ്യൽ കം കൊമേഴ്സ്യൽ ബിൽഡിംഗ്.

കാരപ്പറമ്പ് ബിൽഡിംഗ്.

പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടം.

Advertisement
Advertisement