കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് പത്തനംതിട്ട,  മലയോര - പിൽഗ്രീം ടൂറിസം സാദ്ധ്യമാകുമോ..?

Friday 12 July 2024 12:10 AM IST

പത്തനംതിട്ട : വമ്പൻ വ്യവസായ സ്ഥാപനങ്ങളോ, ആവശ്യത്തിന് റോഡ് - റെയിൽ ഗതാഗത സൗകര്യങ്ങളോ ഇല്ലാത്ത പത്തനംതിട്ടയിൽ മലയോര - പിൽഗ്രീം ടൂറിസം സമന്വയിപ്പിച്ച് ജില്ലയുടെ വികസനം സാദ്ധ്യമാക്കാൻ കേന്ദ്ര ബഡ്ജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.

ശബരിമല, മലയാലപ്പുഴ, ആറന്മുള, പന്തളം തുടങ്ങിയ ക്ഷേത്രങ്ങളും മൂലൂർ സ്മാരകത്തിലേക്കും പരുമല, മഞ്ഞനിക്കര തുടങ്ങിയ പള്ളികളിലേക്കും ഒരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. പമ്പ മണപ്പുറത്ത് നടക്കുന്ന മാരാമൺ, അയിരൂർ - ചെറുകോൽപ്പുഴ, മാടമൺ കൺവെൻഷനുകളും പ്രസിദ്ധമാണ്. ഇവയ്ക്കൊപ്പം ഗവി ഉൾപ്പടെ കിഴക്കൻ മലയോര മേഖലയിലെ വനഭംഗിയും ഡാമുകളുടെയും പെരുന്തേനരുവി ഉൾപ്പടെയുള്ള വെള്ളച്ചാട്ടങ്ങളുടെയും സൗന്ദര്യവും കുട്ടവഞ്ചിസവാരിയും ബോട്ടിംഗും, ഉത്രട്ടാതി ജലമേളയും കോന്നി ആനത്താവളവുമെല്ലാം സമന്വയിപ്പിച്ചാൽ വിനോദസഞ്ചാരമേഖലയിലണ്ടാകുന്ന സാദ്ധ്യത വളരെ വലുതാണ്. മതിയായ പദ്ധതികളില്ലാത്തതാണ് സഞ്ചാരികൾ ഇവിടേക്ക് എത്താനുള്ള പ്രധാന തടസം.

പൊതുഗതാഗത സൗകര്യമില്ല

പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ജില്ല നേരിടുന്ന വലിയ പ്രതിസന്ധി. രാത്രിയാകുന്നതോടെ ജില്ലാ ആസ്ഥാനം ഒറ്റപ്പെടും. പുനലൂർ - മൂവാറ്റുപുഴ പാതയുടെ നിർമ്മാണം പൂർത്തിയായെങ്കിലും രാത്രിയിൽ ബസ് സർവീസുകളില്ല. ജില്ലയുടെ പടിഞ്ഞാറൽ അതിർത്തിയിലൂടെ എം.സി റോഡ് കടന്നു പോകുന്നുണ്ടെങ്കിലും ജില്ലാ ആസ്ഥാനത്ത് നിന്ന് എത്തിപ്പെടാൻ യാത്രാ സൗകര്യമില്ല. ജില്ലയിലെ ഏക റെയിൽവെ സ്റ്റേഷനായ തിരുവല്ലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് ഇല്ലാത്തതും ഇവിടെ നിന്ന് രാത്രികാലങ്ങളിൽ ബസ് സർവീസ് ഇല്ലാത്തതും സഞ്ചാരികളെ അകറ്റുന്നതിനുള്ള മറ്റൊരു കാരണമാണ്.

വികസന പദ്ധതി തയ്യാറാക്കും

സംസ്ഥാന സർക്കാരോ എം.പിയോ വികസനത്തിനാവശ്യമായ പദ്ധതികൾ തയ്യാറാക്കി നൽകാത്തതാണ് ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം. ശബരിമല ഉൾപ്പടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെയും മലയോര ടൂറിസം സാദ്ധ്യതകളും പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസനത്തിനാവശ്യമായ കർമ്മ പദ്ധതികൾ തയ്യാറാക്കും. ഇത് കേന്ദ്രസർക്കാരിന് സമർപ്പിക്കും.

വി.എ.സൂരജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്

Advertisement
Advertisement