ചെലവ് കുറവ്, എളുപ്പത്തിൽ കൃഷി ചെയ്യാം; കേരളത്തിൽ വീണ്ടും ഈ വിള വ്യാപകമാകുന്നു
മൂവാറ്റുപുഴ: കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്യം നിന്ന് പോകുന്ന കിഴങ്ങ് വിളകൾ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ ചാത്തം കണ്ടത്തിൽ ജോണിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്ത് കൂർക്ക കൃഷിയിറക്കി.
ഒരുകാലത്ത് ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപകമായിരുന്നു കൂർക്ക കൃഷി. നെല്ലും കൂർക്കയും മാറിമാറിയാണ് കൃഷി ചെയ്തിരുന്നത്. ടൺ കണക്കിന് കൂർക്കയാണ് മേഖലയിലെ കർഷകരിൽ നിന്ന് മൊത്തവ്യാപാരികൾ സംഭരിച്ച് വിവിധ മാർക്കറ്റുകളിൽ എത്തിച്ചിരുന്നത്. എന്നാൽ ചെലവ് കുറവും വരുമാനം കൂടുതലും ലഭിക്കുന്ന കപ്പ കൃഷിയുടെ കടന്നുകയറ്റത്തോടെ കൂർക്ക കൃഷിയിൽ നിന്ന് കർഷകർ പിന്നോട്ട് പോകുകയായിരുന്നു.
കേരളത്തിൽ കാലാവസ്ഥ കൂർക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്നും വേണ്ടാത്ത കൂർക്ക വളരെ എളുപ്പത്തിൽ ചിലവ് കുറച്ച് കൃഷി ചെയ്യാൻ സാധിക്കും. പോത്താനിക്കാട് കിസാൻ സഭ പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കൂർക്ക കൃഷിയുടെ നടീൽ കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം വി.ഒ. കുറുമ്പൻ, കൃഷി ഓഫീസർ കെ.എസ്. സണ്ണി, റോയ് മാത്യു, സജി ജേക്കബ്, സാബു തോമസ്, സുഹറ അലിയാർ തുടങ്ങിയവർ പങ്കെടുത്തു.