'മെയ്‌ഡ് ഇൻ കൊച്ചി' എ.ഐ ഉത്പന്നങ്ങൾ നൽകും: ദിനേശ് നിർമ്മൽ

Friday 12 July 2024 3:05 AM IST
ദിനേശ് നിർമ്മൽ

കൊച്ചി: ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ എ.ഐ ) മേഖലയിൽ മെയ്ഡ് ഇൻ കൊച്ചി ഉത്പന്നങ്ങൾ ലോകത്തിന് ലഭ്യമാക്കുമെന്ന് ഐ.ബി.എം സോഫ്‌റ്റ്‌വെയർ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ പറഞ്ഞു. കൊച്ചി ഇൻഫോപാർക്കിലെ ജെൻ എ.ഐ ഇന്നൊവേഷൻ സെന്ററിൽ നിന്നാകും ഉത്പന്നങ്ങൾ ലഭ്യമാക്കുക. ജെൻ എ.ഐ കോൺക്ളേവിലും തുടർന്ന് മാദ്ധ്യമങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുവർഷം മുമ്പ് ഐ.ബി.എം ലാബ് പ്രവർത്തനം ആരംഭിച്ചതു മുതൽ മികച്ച പിന്തുണ സർക്കാരിൽ നിന്നുൾപ്പെടെ ലഭിച്ചു. രണ്ടുവർഷം കൊണ്ട് പ്രവർത്തനം ഇരട്ടിയാക്കാൻ കഴിഞ്ഞു. ജെൻ എ.ഐ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുന്നതിലൂടെ കൂടുതൽ വികസനം സാദ്ധ്യമാകും.

സമസ്ത മേഖലകളിലും എ.ഐ കടന്നുവരുന്ന സാഹചര്യത്തിൽ സർവകലാശാലകളും കോളേജുകളും എ.ഐയുമായി ബന്ധപ്പെട്ട പരിശീലനം നൽകണം. ലോകത്തെ സംരംഭങ്ങളിൽ പത്തു ശതമാനം മാത്രമാണ് ഐ.എ പ്രയോജനപ്പെടുത്തുന്നത്. ഭാവിയിൽ ഇത് വലിയതോതിൽ വർദ്ധിക്കും. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ എ.ഐ ഉപയോഗിച്ച് വളരണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement