കത്വ: ഭീകരരെ ഓടിച്ചത് 5000 റൗണ്ട് വെടി വച്ച്

Friday 12 July 2024 1:22 AM IST

ന്യൂഡൽഹി: സൈനികരെ കൊലപ്പെടുത്തി ആയുധങ്ങളും മറ്റും തട്ടിയെടുക്കാനാണ് ജമ്മുകാശ്‌മീരിലെ കത്വയിൽ കാശ്‌മീർ ടൈഗേഴ്‌സ് എന്നറിയപ്പെടുന്ന ഭീകരർ ട്രക്ക് ആക്രമിച്ചത്. എന്നാൽ 22 ഗഢ്‌വാൾ റൈഫിൾസിലെ സൈനികരുടെ ധീരമായ ചെറുത്തു നിൽപ്പിൽ ഭീകരർക്ക് പിൻവാങ്ങേണ്ടി വന്നു. മല മുകളിൽ വനത്തിന്റെ മറവിൽ അപ്രതീക്ഷിത അക്രമത്തിൽ ആദ്യം പതറിയ സൈന്യം 5000 റൗണ്ട് വെടിയുതിർത്തതാണ് ഭീകരരെ ഓടിച്ചത്.

മലനിരകളും വനവും നിറഞ്ഞ മച്ചേഡി-കിന്ദ്‌ലി-മൽഹാർ റോഡിൽ ഉച്ചകഴിഞ്ഞ് 3.30 ഓടെ സൈനിക ട്രക്കുകൾ വളവു തിരിയുമ്പോഴായിരുന്നു ആക്രമണം. മൂന്ന് ഭീകരർ രണ്ടിടങ്ങളിൽ നിന്ന് ഗ്രനേഡ് എറിഞ്ഞ് ഭീതി പരത്തിയശേഷം പൊടുന്നനെ വെടിവച്ചതിലാണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. സൈന്യം ധൈര്യത്തോടെ തിരിച്ചടിച്ച് ഭീകരരെ തുരത്തി.

ഗഢ്‌വാൾ റെജിമെന്റ് സൈനികർ 5,189 റൗണ്ട് വെടിയുതിർത്തു. രണ്ടുമണിക്കൂറിലധികം വെടിവയ്‌പ് നീണ്ടു. പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ കീഴിലുള്ള കാശ്‌മീർ ടൈഗേഴ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ഭീകരർക്കായി പൊലീസും സി.ആർ.പി.എഫും ദുർഘട പ്രദേശങ്ങളിലും വനത്തിലും തിരച്ചിൽ നടത്തുകയാണ്. ഡ്രോണും ഹെലികോപ്ടറുകളും എത്തിച്ചെങ്കിലും കനത്ത മഴ തിരച്ചിൽ ദുഷ്‌കരമാക്കി. 26 ഗ്രാമവാസികളെ കസ്റ്റഡിയിലെടുത്തു. ഭീകരർക്ക് താമസം, ഭക്ഷണം തുടങ്ങി സഹായം നൽകരുതെന്ന് മുന്നറിയിപ്പുണ്ട്. പൊലീസിനെ സഹായിക്കാൻ ദേശീയ അന്വേഷണ ഏജൻസിയും ഉണ്ട്.