ധിക്കാരം, ധാർഷ്ട്യം : സഭയിൽ ഏറ്റുമുട്ടി സതീശനും മന്ത്രി രാജേഷും

Friday 12 July 2024 1:26 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി എം.ബി. രാജേഷും തമ്മിൽ നിയമസഭയിൽ രൂക്ഷമായ വാഗ്വാദം. മലയാളികളുടെ വിദേശപഠനത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിനെത്തുടർന്ന് വാക്കൗട്ട് നടത്തവേ, സർക്കാരിന് നിഷേധാത്മക സമീപനമാണെന്നും മന്ത്രി ആർ. ബിന്ദു എല്ലാവരെയും പുച്ഛിച്ച് തള്ളുകയാണെന്നും ഭരണപക്ഷത്തിനു നേർക്ക് വിരൽചൂണ്ടി സതീശൻ പറഞ്ഞു.

പിന്നാലെയാണ്, മന്ത്രിമാരായ ബിന്ദുവിനോടും വീണാ ജോർജിനോടും സതീശൻ മോശം സമീപനമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചത്. വിശദീകരിക്കാൻ മന്ത്രിമാർ എഴുന്നേറ്റാലും വഴങ്ങാറില്ല. സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് സ്പീക്കർക്ക് നേരെയും സമ്മർദ്ദതന്ത്രമാണ്. പരിഹാസവും പുച്ഛവും ധാർഷ്ട്യവും നിറഞ്ഞ സമീപനം സതീശൻ തിരുത്തണം- രാജേഷ് ആവശ്യപ്പെട്ടു. സഭയുടെ അന്തസ് ഉയർത്തുന്ന തരത്തിൽ ഇരുപക്ഷവും പെരുമാറണമെന്ന് സ്പീക്കർ എ.എൻ. ഷംസീറും പറഞ്ഞു.

ഈ സമയം സതീശൻ സഭയിലുണ്ടായിരുന്നില്ല വാക്കൗട്ടിനുശേഷം സഭയിൽ തിരിച്ചെത്തിയ സതീശൻ, മന്ത്രിമാരായ ആർ. ബിന്ദുവിനെതിരെയോ വീണാ ജോർജിനെതിരെയോ താൻ മോശമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. സ്പീക്കർക്ക് പരിശോധിക്കാം. അഹങ്കാരത്തിന് കൈയും കാലും തലയും വയറും വച്ചയാളാണ് പ്രതിപക്ഷനേതാവെന്ന് കഴിഞ്ഞ ദിവസം കടകംപള്ളി പറഞ്ഞപ്പോൾ മന്ത്രി രാജേഷ് ചിരിക്കുകയായിരുന്നു. ധാർഷ്ട്യവും ധിക്കാരവും പുച്ഛവും എനിക്ക് ചേരുന്നതല്ല. ആ ചാപ്പ എനിക്കു മേൽ കുത്തേണ്ട. മന്ത്രി രാജേഷ് കുറച്ചു ദിവസമായി സ്പീക്കറാവാൻ ശ്രമിക്കുകയാണ്. അങ്ങനെ സ്പീക്കറായി മന്ത്രി പ്രതിപക്ഷ നേതാവിനെ നിയന്ത്രിക്കാൻ വരേണ്ട- സതീശൻ പറഞ്ഞു.

പ്രതിപക്ഷനേതാവിനെ ചെറുതാക്കാനോ അധിക്ഷേപിക്കാനോ അല്ല ഉദ്ദേശിച്ചതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മോശമായി ഒരുവാക്കും പറഞ്ഞിട്ടില്ല. അനുചിതമായ പ്രയോഗം നടത്തിയാൽ അപ്പോൾത്തന്നെ തിരുത്താറുണ്ട്. വിമർശനം പ്രതിപക്ഷ നേതാവിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നും രാജേഷ് പറഞ്ഞു. എക്‌സൈസ് വകുപ്പിനെതിരായ ആരോപണത്തിന് ശേഷമാണ് വ്യക്തിപരമായി മന്ത്രി തന്നെ ലക്ഷ്യമിടുന്നതെന്ന് സതീശൻ തിരിച്ചടിച്ചു. ഇതിനിടെ, മന്ത്രി ആർ. ബിന്ദു എഴുന്നേറ്റ്, പ്രതിപക്ഷ നേതാവ് തന്റെ നേരെ വിരൽചൂണ്ടി ധിക്കാരിയെന്ന് പറഞ്ഞതായി ആരോപിച്ചു. എന്നാൽ, അങ്ങനെയൊരു വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സതീശൻ, വിരൽചൂണ്ടി ഇനിയും സംസാരിക്കുമെന്നും പറഞ്ഞു.

Advertisement
Advertisement